ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി ഒരുങ്ങി; ഉദ്‌ഘാടനം ഞായറാഴ്‌ച
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്‌ടർ വന്ദനാദാസിന്റെ സ്‌മരണയ്‌ക്കായി മാതാപിതാക്കൾ കടുതുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്‌ഘാടനം ഈ മാസം 17 ഞായറാഴ്‌ച നടക്കും. 11.30ന് മന്ത്രി വിഎൻ വാസവൻ ആണ് ഉദ്‌ഘാടനം നിർവഹിക്കുക. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും.
മധുരവേലി പ്ലാമൂട് ജംഗ്‌ഷന് സമീപം ലക്ഷ്‌മി കോംപ്ലക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് വരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരിൽ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്. കഴിഞ്ഞ ഒക്‌ടോബറിൽ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ വന്ദനയുടെ പേരിൽ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേ, പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലർച്ചെ ഡോ. വന്ദന കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെജി മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏകമകളായിരുന്നു വന്ദന. വസതിക്ക് സമീപം മറ്റൊരു ആശുപത്രി നിർമിക്കാനും മാതാപിതാക്കൾക്ക് പദ്ധതിയുണ്ട്. ഇതിനായി ട്രസ്റ്റ് രൂപീകരിക്കും. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്നത് വന്ദനയുടെ ആഗ്രഹമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.