'സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല'; ഫേസ്ബുക്കിൽ പരസ്പരം പോരടിച്ച് സിനിമാ നിർമാതാക്കൾ

Thursday 14 August 2025 10:39 AM IST

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരസ്‌പരം പോരടിച്ച് സിനിമാ നിർമാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തി.

'നിങ്ങളുമായുള്ള പാർട്ണർഷിപ്പ് ഇല്ലാതായി. നിങ്ങൾക്ക് പകരം മറ്റാെരാളെ ഞാൻ എടുത്തു. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാൻ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. ബെെ' - എന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സാന്ദ്രയ്ക്ക് താക്കീത് നൽകി വിജയ് ബാബു ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോര് മുറുകിയത്.

വിജയ് ബാബുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും . അത്രേ എനിക്കുപറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോൾ സൂക്ഷ്മ‌ത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന് .

Reposting my post with an edit after the court verdict ..

സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവൾ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു.

എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു.