സന്തോഷവാർത്ത; പ്രവാസികൾക്ക് 4000 രൂപയുണ്ടെങ്കിൽ ഓണത്തിന് നാട്ടിലെത്താം, ഒപ്പം സൗജന്യ ബസ് സർവീസും

Thursday 14 August 2025 12:01 PM IST

അബുദാബി: പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ 200 ദിർഹത്തിന് അതായത് 4750 രൂപയ്‌ക്ക് വിമാന ടിക്കറ്റുമായി സ്‌പെഷ്യൽ ഫ്ലൈറ്റ്. 40 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടുന്ന ടിക്കറ്റാണ് ഈ തുകയ്‌ക്ക് ലഭിക്കുന്നത്.

ഫുജൈറയിൽ നിന്ന് കൊച്ചി, കോഴിക്കോട് സെക്‌ടറുകളിലേക്ക് 20 മുതൽ സെപ്‌തംബർ എട്ട് വരെയാണ് അൽഹിന്ദ് ട്രാവൽസ് ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക വിമാന സർവീസ്. വിമാനയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയെന്ന് അൽഹിന്ദ് ട്രാവൽസ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അരുൺ രാധാകൃഷ്‌ണൻ അറിയിച്ചു.

സെപ്‌തംബർ എട്ടിനകം കുറഞ്ഞ നിരക്കിൽ യുഎഇയിൽ എത്താനും സൗകര്യമൊരുക്കുന്നുണ്ട്. 999 ദിർഹത്തിനാണ് (23,792 രൂപ) ടിക്കറ്റ് ലഭ്യമാകുക. യുഎഇയിൽ സ്‌കൂൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികൾ. നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവർക്ക് 30 കിലോ ബാഗേജാണ് അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 0501370372‌