"എന്നെ കൊല്ലാൻ രണ്ടുമൂന്നു തവണ അവർ വന്നു, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ രേണുവും തങ്കച്ചനും"; മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ബിഷപ്പ്
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം കൊടുത്തയാളാണ് അദ്ദേഹം. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സുധിയുടെ ഭാര്യ രേണുവും, അവരുടെ അച്ഛൻ തങ്കച്ചനുമാണ് ഉത്തരവാദികളെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
'രേണു സുധി എന്ന് പറയുന്ന സ്ത്രീ കാരണം ഞാനും എന്റെ മാതാവും സഹോദരിയുമെല്ലാം കരയേണ്ട അവസ്ഥയുണ്ടായി. എന്റെ അമ്മയൊരു വിധവയായ സ്ത്രീയാണ്. എന്റെ ഏറ്റവും ഇളയ സഹോദരി ഓർമയില്ലാത്തയാളാണ്. ഇങ്ങനെയുള്ള വാക്കുകൾ സൈബറിടങ്ങളിൽ നിന്ന് കേൾക്കുമ്പോൾ അമ്മയ്ക്കും സഹോദരിമാർക്കുമൊക്കെ എത്ര വലിയ ദുഃഖമാണ് ഉണ്ടാകുക. പ്രാർത്ഥനയിലൂടെ അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകും.
രേണു സുധി ബിഗ് ബോസിലെത്തിയപ്പോഴാണ് നമ്മളെല്ലാം അക്കാര്യം അറിയുന്നത്. എന്റെ കുപ്പായത്തെ ഓർത്ത് തെറി പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഇട്ടിട്ടാണ് രേണു പോയത്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആ വീഡിയോ എനിക്കയച്ചുതന്നു. ഒരു കാര്യം ഞാൻ പറയുകയാണ്, നമ്മൾ ഒരിക്കലും നമ്മുടെ ചുവട് മറന്നുപോകരുത്. അത് വലിയ അധഃപതനത്തിൽ എത്തിക്കും. തല മറന്ന് എണ്ണ തേക്കരുതെന്ന് പൂർവികർ പറയും. അതിലൊക്കെ അർത്ഥമുണ്ട്.
ഞാൻ അവർക്ക് ആകെപ്പാടെ ചെയ്തത് അവരുടെ തലമുറയെ സഹായിച്ചുവെന്ന നന്മയാണ്. അതിന് അവർ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ സുഹൃത്തുക്കൾ, പിആർ വർക്കുകാർ, ഉദ്യോഗസ്ഥരൊക്കെ. എന്നെ കൊല ചെയ്യാൻ വേണ്ടി ഇവിടെ രണ്ടുമൂന്നുതവണ വണ്ടിയിൽ ആളുകൾ വന്നു. രാത്രിയിലും പകലുമായിട്ട്.
ഞാൻ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. എന്റെ ജീവന് ഭീഷണിയുണ്ട്. ഇവരുടെ പിആർ വർക്കേഴ്സാണ്, വേറെ ആരുമല്ല ഇത് ചെയ്യുന്നത്. ഇന്നുവരെ ഉണ്ടാകാത്ത അനുഭവമാണ്.
അസമയത്ത് പരിചയമില്ലാത്ത വാഹനം വന്ന് എന്റെ വാതിലിന് നേരെ നിർത്തിയ ശേഷം ഞങ്ങൾ കണ്ടോളാം എന്ന് അവർ പറഞ്ഞു. ഇവർ ബിഗ് ബോസിൽ പോയതിന് ശേഷമാണ് ഇങ്ങനെ ഉണ്ടായത്. അവരുടെ ആളുകളാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദികൾ രേണു സുധിയും തങ്കച്ചനുമാണ്. ഞാൻ തനിച്ച് താമസിക്കുന്നയാളാണ്.
ബിഗ് ബോസിൽ മത്സരാർത്ഥിയായി നിൽക്കുന്നു. ഇവരുടെ പിതാവ് യൂട്യൂബേഴ്സിനെ കുറ്റം പറഞ്ഞല്ലോ. എന്നാൽ ഇന്ന് അവർ ആ കസേരയിൽ അവിടെ പോയിരിക്കുന്നുണ്ടെങ്കിൽ അതിന് പരമപ്രധാനമായ കാരണം ഈ പറയുന്ന യൂട്യൂബേഴ്സാണ്. കേരള ജനത കാണട്ടെ ഇവർ എന്താണ് അവിടെ കാട്ടിക്കൂട്ടുന്നതെന്ന്. ഇവർ എവിടെ വരെ പോകുമെന്നാണ് ഞാനും നോക്കിക്കൊണ്ടിരിക്കുന്നത്. എന്റെ പേരിൽ ഇവർ ഇനിയും ആക്ഷേപങ്ങൾ ഉന്നയിക്കരുത്. ഞാൻ എന്റെ അഡ്വക്കേറ്റുമായി സംസാരിച്ചിട്ടുണ്ട്. രേണുവിന്റെയും തങ്കച്ചന്റെയും പേരിൽ കോടതി കയറുകയാണ്. എന്നെ ബുദ്ധിമുട്ടിക്കുന്നത് ചെറിയ കാര്യമാണെന്ന് തോന്നുന്നുണ്ടോ?
ഇവർ നേരത്തെ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമസ്ഥൻ ഇവരുടെ വീട്ടിൽ ചെന്നിരുന്നു. ലഭിക്കാനുള്ള ബാക്കി വാടക തുകയ്ക്കാണ് വന്നത്. പതിമൂവായിരം രൂപ കൊടുക്കാനുണ്ടെന്നാണ് പറയുന്നത്. എഴുപത്തിയഞ്ച് വയസോളം പ്രായമുള്ള ആ വ്യക്തിയെ മനുഷ്യൻ കേൾക്കാൻ കൊള്ളാത്ത വാക്കുകളാണ് രേണു സുധി വിളിച്ചത്. അയാൾ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. പൈസ വേണമെങ്കിൽ സെമിത്തേരിയിൽ സുധി കിടപ്പുണ്ട് പോയി വാങ്ങിക്കോയെന്നാണ് രേണു സുധി പറഞ്ഞത്. മേലാൽ ഇവിടെ വരരുതെന്ന് താക്കീത് കൊടുത്താണ് ആ മനുഷ്യനെ പറഞ്ഞുവിട്ടത്.'- ബിഷപ്പ് പറഞ്ഞു.