"അവളുടെ കിഡ്നി രണ്ടും തകരാറിലായിപ്പോയി, ഈ പ്രായത്തിനിടയിൽ ഞാൻ ഇതുവരെ ഇതുപോലെ തളർന്നുപോയിട്ടില്ല"

Thursday 14 August 2025 3:59 PM IST

അടുത്തിടെയാണ് സംവിധായകൻ അഖിൽ മാരാരുടെ പ്രിയപ്പെട്ട വളർത്തുനായ മരിച്ചത്. ശീശു എന്ന് വിളിക്കുന്ന നായയുടെ മരണം തന്നെ തകർത്തുകളഞ്ഞെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. വേദനയിൽ ആശ്വാസവാക്കുകൾ ചൊരിഞ്ഞവരോട് നന്ദി പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

'ഞാൻ ഓമനിച്ചുവളർത്തിയ, ഒരുപക്ഷേ എന്റെ മക്കളേക്കാൾ സ്‌നേഹിച്ച, ലക്ഷ്മിയെപ്പോഴും പറയും ഞാൻ പിള്ളേരേക്കാൾ കളിപ്പിക്കുന്നത് ശീശുവിനെയായിരുന്നെന്ന്. കുട്ടികളെ ഞാൻ എന്റെയടുത്ത് പിടിച്ച് കിടത്തിയുറക്കിയിട്ടില്ല, പക്ഷേ എല്ലാ രാത്രിയിലും ശീശുവിനെ കെട്ടിപ്പിടിച്ചായിരുന്നു കിടക്കുന്നത്. അവളെ കളിപ്പിച്ചുകൊണ്ടാണ് വീട്ടിലേക്ക് വന്നുകയറിയിരുന്നത്. മൂന്ന് വയസേ ആയിട്ടുണ്ടായിരുന്നുള്ളൂ. എനിക്ക് ജോജു ചേട്ടൻ സമ്മാനിച്ചതായിരുന്നു.

മുപ്പത്തിയേഴ് വയസ് കഴിഞ്ഞു. മുപ്പത്തിയെട്ടാമത്തെ വയസാണ്. ഈ പ്രായത്തിനിടയിൽ ഞാൻ ഇതുവരെ ഇതുപോലെ തളർന്നുപോയിട്ടില്ല. ഒരുപാടാളുകൾ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു, എന്താ കാര്യമെന്ന്. അവളുടെ കിഡ്നി രണ്ടും തകരാറിലായിപ്പോയതായിരുന്നു. ജന്മനാ ഉള്ള പ്രശ്നമായിരുന്നു. പൊന്നുപോലെ നോക്കിയതാണ്. പെട്ടെന്ന് വയ്യാതായി. ആശുപത്രിയിൽ കൊണ്ടുചെന്നു. ക്രിയാറ്റിൻ ലെവൽ ഒരുപാട് കൂടുതലായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത കണ്ടീഷനായിപ്പോയി. അഞ്ചിന് മുകളിൽ ക്രിയാറ്റിൻ വന്നു. രണ്ട് കിഡ്നിയും തകരാറിലായി. ആന്തരിക അവയവങ്ങൾ പലതും ഡാമേജ് ആയി. പക്ഷേ രണ്ട് ദിവസം മുമ്പുവരെ അവൾ വളരെ ആക്ടീവായിരുന്നു.

അത്രയും വലിയ വേദനയിൽ എന്നെ ആശ്വസിപ്പിച്ചവരോട്, എന്നോട് സ്‌നേഹം ചൊരിഞ്ഞവരോട്, എന്റെ ശീശുവിനെ ഓർത്തവരോട്, ഒരുപാട് സ്‌നേഹം തിരിച്ചറിയിക്കുകയാണ്. എല്ലാവരോടും സ്‌നേഹം അറിയിക്കുകയാണ്. പ്രിയപ്പെട്ട ശീശുവിനെ സ്‌നേഹിച്ച എല്ലാവരോടും സ്‌നേഹം അറിയിക്കുകയാണ്. മക്കളെപ്പോലെ ഓമനിച്ചുവളർത്തുന്ന നമ്മുടെ കുഞ്ഞ് തന്നെയാണ് ഓരോ വളർത്തുമൃഗവും. അത് നഷ്ടപ്പെടുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസിലാകത്തുള്ളൂ.

മാത്രമല്ല മറ്റൊരു പരമമായ യാഥാർത്ഥ്യം കൂടി ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് ആരോടും സ്‌നേഹമുണ്ടായിരുന്നില്ലെന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നെ തളർത്താൻ ഒന്നിനും കഴിയില്ലെന്ന് ചിന്തിച്ചയാളാണ് ഞാൻ. പക്ഷേ സീരിയസിലി തകർന്നുപോയി.'- അഖിൽ മാരാർ പറഞ്ഞു.