ദ്വിദിന അൽമായ സിനഡ് ഇന്ന് മുതൽ: വിമതപ്രവർത്തനമെന്ന് എതിർ ഭാഗം

Thursday 14 August 2025 4:01 PM IST

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വിശ്വാസികൾ സംഘടിപ്പിക്കുന്ന അൽമായ സിനഡിനെ ചൊല്ലി തർക്കവും വിവാദവും രൂക്ഷം. സഭയിൽ വിശ്വാസികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് സിനഡിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുമ്പോൾ, ഇത് സഭയ്‌ക്കെതിരായ പ്രവർത്തനമാണെന്ന് മറുവിഭാഗം ആരോപിച്ചു.

കലൂരിലെ റീന്യൂവൽ സെന്ററിൽ ഇന്നും നാളെയുമായാണ് അൽമായ സിനഡ് നടക്കുന്നത്. ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും മറ്റ് രൂപതകളിലെ ക്ഷണിക്കപ്പെട്ടവരും സന്യസ്തരും പങ്കെടുക്കും. ഇത് സഭയുടെ പങ്കാളിത്ത ഭരണസംവിധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്ന് സംഘാടകർ പറയുന്നു. സി.എൻ.എ യോഗത്തിൽ ചെയർമാൻ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പോൾസൺ കുടിയിരിപ്പിൽ, ജോസ് പാറേക്കാട്ടിൽ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസിസ്, ഷൈബി പാപ്പച്ചൻ, എം.ജെ. ജോസഫ്, എം.എ. ജോർജ്, എൻ.പി. ആന്റണി, ഷൈജൻ തോമസ് എന്നിവർ പ്രസംഗിച്ചു.

 വ്യത്യസ്ത അഭിപ്രായങ്ങൾ അൽമായ സിനഡ് എന്നത് മെത്രാൻ സിനഡിന് ബദലല്ലെന്ന് അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു. രണ്ട് ദിവസത്തെ പരിപാടിയിൽ അഞ്ച് വിഷയങ്ങൾ സിനഡൽ കൗൺസിലിൽ അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു. ചർച്ചകളും രേഖപ്പെടുത്തലുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. അൽമായ സിനഡ് എന്ന പേരിൽ വിമതവിഭാഗം നടത്തുന്നത് സഭയ്‌ക്കെതിരായ സമാന്തര പ്രവർത്തനമാണെന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) അതിരൂപത നേതൃയോഗം ആരോപിച്ചു. മേജർ ആർച്ച് ബിഷപ്പ്, മെത്രാപ്പൊലീത്തൻ വികാരി, അതിരൂപത കൂരിയ എന്നിവരുടെ അറിവോടും സഹായത്തോടും കൂടിയാണ് പരിപാടി നടക്കുന്നതെന്നും അവർ പറഞ്ഞു. വിമതപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.