അദ്ധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, എന്നാൽ അന്തസ് ഹനിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ

Thursday 14 August 2025 5:31 PM IST

കൽപ്പറ്റ: അദ്ധ്യാപകർ സ്‌കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മിഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ. വയനാട്ടിലെ സ്‌കൂൾ അദ്ധ്യാപകർക്കായി സംസ്ഥാന ബാലാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് കമ്മിഷൻ അംഗം ബി മോഹൻ കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

'മറ്റ് കുട്ടികളുടെ മുന്നിൽവച്ച് ബാഗിലെ സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടാണ് വിലക്കി ഉത്തരവിറക്കിയത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാം.

അദ്ധ്യാപകരും ബാലാവകാശ കമ്മിഷനും തമ്മിൽ പ്രശ്‌നങ്ങളില്ല. കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് അദ്ധ്യാപക‌ർക്ക് എതിരാണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അദ്ധ്യാപകർക്കാണ്. വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാവും'- ബി മോഹൻ കുമാർ പറഞ്ഞു.