കോഴിക്കോട് കോടികൾ ചെലവിട്ട് നിർമിക്കുന്ന പാലം തകർന്നുവീണു, തൊഴിലാളിക്ക് പരിക്ക്
Thursday 14 August 2025 5:48 PM IST
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരുഭാഗം തകർന്നുവീണു. കൊയിലാണ്ടി-ബാലുശേരി നിയോജകമണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ ബീം ചെരിഞ്ഞുവീഴുകയായിരുന്നു. പുഴയുടെ മദ്ധ്യത്തിലായാണ് അപകടമുണ്ടായത്.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന പരാതി ഉയരുകയാണ്. അപകടത്തിൽ തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. 24 കോടിയോളമാണ് പാലത്തിന്റെ നിർമാണച്ചെലവ്. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പിഡബ്ള്യൂഡി കേരള റോഡ് ഫണ്ടിന്റെ മേൽനോട്ടത്തിലാണ് നിർമാണം.