ട്രാക്കിൽ കുടുങ്ങിവരെ രക്ഷിച്ച ലോക്കോ പൈലറ്റുമാർക്ക് ആദരം
ആലുവ: റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ട് പേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമാർക്ക് ആദരം. അൻവർ ഹുസൈനെയും കോപൈലറ്റ് സുജിത് സുധാകരനെയുമാണ് റെയിൽവേ ആദരിക്കുന്നത്. എറണാകുളം ഏരിയാ ഓഫീസിൽ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ആദരം.
2025 മാർച്ച് 18ന് തിരുവനന്തപുരം-ഷാലിമാർ എക്‌സ്പ്രസ് ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ട് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് സംഭവം. ട്രാക്കിൽ ഒരാൾ നിൽക്കുന്നതും മറ്റൊരാൾ ഇരിക്കുന്നതും കണ്ട് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിറുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ ആനന്ദൻ (47), അരുൺ ഷിൻഡെ (25) എന്നിവരാണ് ട്രാക്കിന് നടുവിൽ കുടുങ്ങിയത്. ട്രെയിൻ എൻജിന്റെ മുൻഭാഗം ഇവർക്ക് തൊട്ടുമുകളിലായി വന്ന് നിന്നതിനാൽ ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചില്ല.
ട്രാക്കിൽ നിന്ന് ഇവരെ മാറ്റിയതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവം റിപ്പോർട്ട് ചെയ്ത 'കേരളകൗമുദി' വാർത്ത പരിഗണിച്ചാണ് റെയിൽവേ ആദരം നൽകാൻ തീരുമാനിച്ചതെന്ന് ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു. അതേസമയം, ട്രാക്കിൽ അനധികൃതമായി പ്രവേശിച്ചതിന് ആനന്ദനും അരുണിനുമെതിരെ ആർ.പി.എഫ്. കേസെടുത്തിരുന്നു.