ഷാനവാസിന് സമാധാനം , പരസ്യം പിൻവലിച്ച് ക്ഷമ ചോദിച്ച് എക്സൈസ്
ക്ലാപ്പന: ഓണക്കാല ലഹരി ഉപയോഗം നിയന്ത്രിക്കാൻ ഇൻസ്റ്റയിലിട്ട പോസ്റ്ററിൽ നമ്പർ മാറി നൽകിയ പരസ്യം എക്സൈസ് പിൻവലിച്ചു. ഫോൺ നമ്പരുടമയും അദ്ധ്യാപകനുമായ ഷാനവാസിനോട് ക്ഷമാപണവും നടത്തി.
പൊതുജനത്തിന് പരാതിപ്പെടാമെന്ന പോസ്റ്റിൽ മൊബൈൽ നമ്പരിന്റെ ഒരക്കം മാറിയതോടെ ക്ലാപ്പന പാട്ടത്തിൽകടവ് കാവുംതറയിൽ എ.ഷാനവാസിന്റേതാവുകയായിരുന്നു. പരാതി പ്രവാഹം കാരണം
ഷാനവാസിന് ഉറങ്ങാൻപോലും കഴിയാതായി. ഇതേക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രാവിലെ തന്നെ എക്സൈസിന്റെ സൈബർ വിംഗ് ഷാനവാസിനെ വിളിച്ച് ക്ഷമാപണം നടത്തി. ഇനി തെറ്റ് പറ്റില്ലെന്ന് ഉറപ്പും നൽകി. പിന്നാലെ ഇൻസ്റ്റഗ്രാമിൽ അപ്പ്ലോഡ് ചെയ്തിരുന്ന പരസ്യം പിൻവലിച്ചു. രണ്ടാം തവണയാണ് ഷാനവാസിന്റെ ഫോൺ നമ്പർ എക്സൈസ് തെറ്റി പരസ്യത്തിൽ ഉപയോഗിച്ചത്.
എക്സൈസിന്റെ 9447178000 എന്ന നമ്പരിന് പകരം ഷാനവാസിന്റെ 9747178000 എന്ന നമ്പരാണ് രേഖപ്പെടുത്തിയത്.