ഭൂപതിവ് ചട്ടഭേദഗതി കരടിന് അംഗീകാരം, നിർമ്മാണങ്ങൾ ഫീസ് ഈടാക്കി ക്രമീകരിക്കും
തിരുവനന്തപുരം: ഇടുക്കിയും വയനാടും അടക്കം വിവിധ ജില്ലകളിലെ നൂറ് കണക്കിന് പട്ടയ ഉടമകൾക്ക് ആശ്വാസം പകരുന്ന ഭൂപതിവ് ചട്ടഭേദഗതിയുടെ കരടിന് നിയമവകുപ്പിന്റെ അന്തിമാംഗീകാരം. രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യും. ഇതു നിയമമാകുന്നതോടെ കൃഷിക്കും വീടുവയ്ക്കാനും പട്ടയം നൽകിയ ഭൂമിയിലെ മറ്റു നിർമ്മിതികൾക്ക് അംഗീകാരമാവും. രാഷ്ട്രീയ പാർട്ടികളടക്കം ഇവിടെ നിർമ്മിച്ച ഓഫീസ് മന്ദിരങ്ങളും നിയമപരമാവും. ക്വാറികൾക്കും ടൂറിസം പദ്ധതികൾക്കും ആനുകൂല്യം ലഭിക്കും. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി ഫീസും നിർണയിച്ചു.
2024 ജൂൺ ആറിന് മുമ്പുവരെ മറ്റാവശ്യങ്ങൾക്ക് നടത്തിയ നിർമ്മാണമാണ് ക്രമപ്പെടുത്തുക. ഗാർഹിക കെട്ടിടങ്ങളെ (റെസിഡൻഷ്യൽ ബിൽഡിംഗ്സ്) ക്രമവത്കരണ ഫീസിൽ നിന്നൊഴിവാക്കി. ഫ്ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കും ഈ ഇളവ് ലഭിക്കും. വിസ്തൃതി ബാധകമല്ല. എന്നാൽ, വാണിജ്യ വ്യാവസായിക കെട്ടിടങ്ങളാണെങ്കിൽ 1500 ചതുരശ്ര അടിവരെ മാത്രമേ ഫീസിൽ നിന്ന് ഒഴിവാകൂ. അതുകഴിഞ്ഞാൽ വിസ്തൃതിക്ക് ആനുപാതികമായി ഫീസ് ഈടാക്കും.
കാർഷിക ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾക്ക് വേണ്ടിയുള്ള നിർമ്മാണങ്ങൾ എന്നിവയ്ക്കും ഫീസില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്‌കാരിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾ, സാമൂഹിക സംഘടനകൾ, അംഗീകൃത സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് സ്ഥലത്തിന്റെ ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ച തിരുത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമരൂപമായത്.
കോടതി വിധി മറികടക്കാം
പട്ടയഭൂമിയിൽ ക്വാറികളും റിസോർട്ടടക്കമുള്ള നിർമ്മാണങ്ങളും വന്നതോടെയാണ് പരാതികളും നിയമപ്രശ്നവും ഉയർന്നത്. ഭൂപതിവ് നിയമപ്രകാരം പട്ടയം നല്കിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയമഭേദഗതിക്ക് തീരുമാനിച്ചത്.
#വ്യാവസായിക, വാണിജ്യ
നിർമ്മാണങ്ങളുടെ ഫീസ്
(ചുതുരശ്ര അടിക്ക് ആനുപാതികമായി ഭൂമിന്യായവിലയുടെ നിശ്ചിത ശതമാനം)
1500- 3000......................... 5%
3000-5000.......................10%
5000-10,000.....................20%
10,000- 25,000.................40%
25,000-50,000.................50%
50,000 ന് മുകളിൽ സ്ഥലത്തിന്റെ ന്യായവില
ക്വാറിക്ക് 100%
ടൂറിസത്തിന് 50%
# എല്ലാ അനുമതികളും നേടി പ്രവർത്തിക്കുന്ന ക്വാറികൾക്കും അനുബന്ധ നിർമാണങ്ങൾക്കും മൊത്തം ന്യായവില ഫീസായി ഈടാക്കും
# കെട്ടിടം നിർമ്മിക്കാതെ കാർഷിക, ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 50 ശതമാനം ഫീസ്