തൃശൂരിലെ വോട്ട് ക്രമക്കേട്: സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം: ബിനോയ് വിശ്വം

Friday 15 August 2025 12:00 AM IST

തൃശൂർ: വോട്ടർ പട്ടികയിൽ തൃശൂർ കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേട് നടത്തിയത് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയുടേത് കല്ലു പോലും നാണിക്കുന്ന മൗനമാണ്. അദ്ദേഹത്തിന്റെ മുൻകൈയിലാണ് തൃശൂരിൽ അട്ടിമറി നടത്തിയതെന്നാണ് ഈ മൗനത്തിന്റെ അർത്ഥം.

എവിടെയും പ്രതികരിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ മൗനത്തിലാണ്. ഇത്രയും ഗുരുതര വിഷയം ഉണ്ടായിട്ട് പോലും ഒന്നും മിണ്ടുന്നില്ല.തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ ഇന്ത്യയിലാകെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത പാതാളം വരെ താഴ്ന്നു. തൃശൂരിൽ ആട്ടിൻ തോലിട്ട ചെന്നായ വന്നപ്പോൾ ആടാണെന്ന് കരുതി ചെയ്തു കൊടുത്തു.

വോട്ടർ പട്ടിക അട്ടിമറി യാദൃച്ഛികമല്ല. ഇനിയും വ്യാജ വോട്ടർമാരെ ചേർക്കുമെന്ന് പറഞ്ഞ കെ.സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണം. തൃശൂരിൽ കൃത്രിമമായി ചേർത്ത വോട്ടർമാർ ഇപ്പോൾ എവിടെ പോയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വോട്ട് അട്ടിമറിക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ 16ന് രാവിലെ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തും.