രണ്ടാനമ്മയെ തെരുവിലേക്കിറക്കി വിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
പെരുമ്പാവൂർ: കൂവപ്പടിയിൽ 65 വയസുള്ള രണ്ടാനമ്മയെ തെരുവിലേക്ക് ഇറക്കിവിടാനുള്ള മരുമകളുടെ ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞു. സ്‌കൂൾ അദ്ധ്യാപികയായിരുന്ന കൊച്ചുറാണി എന്ന 65കാരിയോടാണ് മരുമകളുടെ ക്രൂരത. 23 വർഷം മുമ്പാണ്, 65 വയസുകാരൻ കൂവപ്പടി പാപ്പൻപടി അമ്പലത്തറയിൽ മാത്തുണ്ണി കൊച്ചുറാണിയെ രണ്ടാമതും വിവാഹം കഴിച്ചത്. വിവാഹസമയത്ത് തന്നെ ജീവിതാവസാനം വരെ കൊച്ചുറാണിക്ക് തന്റെ വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് എഴുതിവച്ചിരുന്നു. എന്നാൽ പിന്നീട് വീട് മകന്റെ മക്കളുടെ അവകാശത്തിൽ കാണിക്കുന്നതിനായി മകന്റെ ഭാര്യയായ ഷൈനുവിന്റെ പേരിൽ 6.5 ലക്ഷം രൂപ വച്ച് ആധാരം എഴുതിവച്ചതായി കൊച്ചുറാണി പറയുന്നു. മുൻകൂട്ടി മക്കൾക്ക് അവകാശപ്പെട്ട തുക നൽകിയിരുന്നതായും നിയമപരമായി തനിക്ക് അവകാശമുണ്ടെന്നുമാണ് കൊച്ചുറാണിയുടെ വാദം.
നിയമ പോരാട്ടങ്ങളും കോടതി വിധികളും ജോലി രാജിവച്ച ശേഷം കൊച്ചുറാണിയും മാത്തുണ്ണിയും കുറച്ചുകാലം അടൂരിലുള്ള മകളുടെ വീട്ടിലേക്ക് താമസിക്കാൻ പോയി. നാല് വർഷങ്ങൾക്ക് ശേഷം കൊച്ചുറാണി കൂവപ്പടിയിലെ വീട്ടിൽ മടങ്ങിയെത്തി. അപ്പോഴാണ് മരുമകളുടെ പേരിൽ ആധാരം കാണുന്നത്. തന്റെ ജീവിതകാലം മുഴുവൻ വീട്ടിൽ താമസിക്കാനുള്ള അവകാശം ആധാരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് മനസിലാക്കിയ കൊച്ചുറാണി പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിൽ കൊച്ചുറാണിക്ക് അനുകൂലമായി കോടതി വിധി വന്നു. ഇതിനെതിരെ ഷൈനു അപ്പീൽ പോയെങ്കിലും ആ കേസിലും കൊച്ചുറാണിക്കും മാത്തുണ്ണിക്കും അനുകൂലമായ വിധിയാണുണ്ടായത്. എന്നാൽ, ഷൈനു വീണ്ടും പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ കൊവിഡ് കാലത്ത് കോടതി ഹാജരാകാൻ സാധിക്കാതിരുന്നതിനാൽ ഷൈനുവിന് അനുകൂലമായ വിധി ലഭിച്ചെന്ന് കൊച്ചുറാണി പറഞ്ഞു. മാത്തുണ്ണി മരിച്ചതോടെ രണ്ട് വർഷം കൊച്ചുറാണിക്ക് വീട്ടിൽ പിടിച്ചുനിൽക്കാനായെങ്കിലും കഴിഞ്ഞ ദിവസം മരുമകൾ കൊച്ചുറാണിയെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു.