കരടുനയവുമായി സാമൂഹ്യനീതി വകുപ്പ്: വയോജനസൗഹൃദമായി വീടുകൾ പണിയണം #പൊതുയിടങ്ങളിലും വേണം ഇത്തരം സംവിധാനങ്ങൾ
ആലപ്പുഴ: വയോജനങ്ങൾക്ക് സൗകര്യപ്രദമായ തരത്തിലായിരിക്കണം വീടുകളും വിശ്രമ കേന്ദ്രങ്ങളും പൊതുയിടങ്ങളും ഗതാഗത സംവിധാനങ്ങളും രൂപകല്പന ചെയ്യേണ്ടതെന്ന് സാമൂഹ്യനീതി വകുപ്പിന്റെ കരട് വയോജന നയത്തിൽ നിർദേശം. പ്രായാധിക്യത്താലും ആരോഗ്യ പ്രശ്നങ്ങളാലും ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയാണ് ലക്ഷ്യം. ഭിന്നശേഷിക്കാർക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമാണ്.
വീടുകൾ, പൊതുഇടങ്ങൾ, പരിചരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ റാമ്പുകൾ, വീതിയുള്ള വാതിലുകൾ, തെന്നി വീഴാത്ത തറ, മതിയായ വെളിച്ചം തുടങ്ങിയ ഉറപ്പുവരുത്തണം. നിലവിലെ കെട്ടിടങ്ങളിൽ ഘട്ടം ഘട്ടമായി സജ്ജമാക്കണം.
പുതുതായി നിർമ്മിക്കുന്ന വീടുകളിൽ മൂന്നിലധികം കിടപ്പുമുറികളുണ്ടെങ്കിൽ ഒരെണ്ണം വയോജന സൗഹൃദ കിടപ്പുമുറിയാക്കണം.പൊതുഇടങ്ങളും നടപ്പാതകളും ഇരിപ്പിടങ്ങളും വയോജന സൗഹൃദമാക്കണം.പൊതുകെട്ടിടങ്ങളും സ്‌ഥലങ്ങളും സോഷ്യൽ ഓഡിറ്റ് നടത്തി സുരക്ഷ,ശുചിത്വം,സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം
കേരളത്തിലെ വയോജനങ്ങളിൽ അധികവും വിവിധതരം ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവരാണ്. ഏകദേശം 11.8 ശതമാനം പേർ ഒന്നിൽ കൂടുതൽ ഭിന്നശേഷിയുള്ളവരാണ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡവലപ്പ്മെന്റിന്റെ 2025 ലെ റിപ്പോർട്ട് പ്രകാരം 60നും അതിന് മുകളിലും പ്രായമുള്ളവരുടെ ജനസംഖ്യാനുപാതം 2011ലെ 12.5 ശതമാനത്തിൽ നിന്ന് 2021 ആയപ്പോയേക്കും 15 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. 2051 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി വർദ്ധിക്കുമെന്നാണ് കണക്ക്.
ഗതാഗതവും
സൗഹൃദമാക്കണം
ഉയരം കുറഞ്ഞ ചവിട്ടുപടികളുള്ള 'ലോ ഫ്ളോർ' വാഹനങ്ങൾ, മുതിർന്ന വ്യക്തികൾക്ക് ഇരിപ്പിട മുൻഗണന, എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനുളള സംവിധാനം, ദൃശ്യ ശ്രവ്യ അറിയിപ്പുകൾ തുടങ്ങിയ സൗകര്യങ്ങളോടെ പൊതുഗതാഗത സംവിധാനങ്ങൾ നവീകരിക്കണം. വയോജന സൗഹൃദ സർക്കുലർ ബസ് സർവീസുകളിലൂടെ ആരോഗ്യ കേന്ദ്രങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും അവശ്യസ്‌ഥലങ്ങളെയും ബന്ധിപ്പിക്കണം.
.........................
പൊതുജനങ്ങളിൽ നിന്നുള്ള കൂടുതൽ നിർദേശങ്ങൾക്കായി കരട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള നിരവധി നിർദേശങ്ങളും കരട് നയത്തിലുണ്ട്
- ഡയറക്ടറേറ്റ്,
സാമൂഹ്യനീതി വകുപ്പ്