സമയ മാറ്റം, നിർത്തലാക്കൽ പാളംതെറ്റി മലബാറിലെ ട്രെയിൻ യാത്ര

Friday 15 August 2025 12:35 AM IST
ട്രെയിൻ

  • ദീർഘദൂര ട്രെയിനുകൾക്ക്
  • വഴിമാറി പാസഞ്ചറുകൾ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രക്കാർ അഞ്ച് ഘട്ടങ്ങളിലായി സമരം നടത്തി, ഡിവിഷണൽ റെയിൽവേ മാനേജരും എം.പിയും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. എന്നിട്ടും പരിഹാരമാവാതെ പാളം തെറ്റിക്കിടക്കുകയാണ് മലബാറിലെ യാത്രാ പ്രശ്നം. രണ്ട് വർഷത്തോളമായി നിറുത്തിയ പാസഞ്ചർ ട്രെയിൻ പോലും പുന:സ്ഥാപിച്ചില്ല. കോഴിക്കോട്- തൃശൂർ പാസഞ്ചർ (5663) ട്രെയിനാണ് നിറുത്തിയത്. ദിവസവും കോഴിക്കോട്ട് നിന്ന് രാവിലെ 7.45ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിറുത്തി യാത്ര തുടർന്നിരുന്ന ട്രെയിൻ മലബാറുകാർക്ക് ഏറെ ആശ്വാസമായിരുന്നു. കോഴിക്കോട്ടു നിന്ന് തൃശൂർ വരെ ജീവനക്കാർ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നത്. ട്രാക്കിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഒരു മാസത്തേക്കെന്നു പറഞ്ഞാണ് നിറുത്തിയത്. എന്നാൽ വന്ദേ ഭാരതിന്റെ സമയം ക്രമീകരിക്കാനാണ് പാസഞ്ചർ നിറുത്തിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. ഈ ട്രെയിൻ പുന:സ്ഥാപിച്ച് എറണാകുളം വരെ ദീർഘിപ്പിക്കണമെന്നാണ് ആവശ്യം.

മംഗലാപുരം - കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സമയം മാറ്റിയതാണ് മറ്റൊരു പ്രശ്നം. പല സ്റ്റേഷനിലും പരശുറാം അര മണിക്കൂറിലധികം പിടിച്ചിടുന്നു. ഇതേ തുടർന്ന് ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് ആശ്രയിക്കാൻ പറ്റാതായി. രാവിലെ 8.50നാണ് കോഴിക്കോട്ട് എത്തിയിരുന്നത്. ഇപ്പോൾ രാവിലെ 7.50ന് എത്തുന്ന കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ് (16607) കൂടുതലാളുകളും ആശ്രയിക്കുന്നത്. ലഗേജും ബാഗുമൊക്കെ പൊക്കിപ്പിടിച്ചും തലയിൽ വച്ചും നിൽക്കേണ്ട സ്ഥിതിയാണ് ഇതിൽ. വന്ദേ ഭാരതിനായി പരശുറാമിനെ പിടിച്ചിടുന്നതിനാൽ ഈ മൂന്നു വണ്ടികളിലെയും യാത്രക്കാർ ആശ്രയിക്കുന്നത് കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ്.

നേരത്തേ പോകും സ്പെഷ്യൽ

വെെകിട്ട് 4.20ന് ഷൊർണൂരിൽ നിന്ന് പാസഞ്ചർ കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുളള അടുത്ത ട്രെയിൻ 8.30ന് എക്സിക്യുട്ടീവാണ്. നാല് മണിക്കൂർ കാത്തിരിക്കണം. ഇതാകട്ടെ മിക്കപ്പോഴും വെെകിയോടുന്നു. ലിങ്ക് എക്സ്പ്രസ് നിറുത്തിയതിനെ തുടർന്ന് വൈകിട്ടത്തെ തിരക്ക് കുറയ്ക്കാൻ അനുവദിച്ച പാലക്കാട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) സമയം മാറി നേരത്തേ പോകുന്നു. ഈ വണ്ടി ഷൊർണുരിൽ നിന്ന് കോഴിക്കോട്ട് 5.30ന് എത്തുംവിധം ക്രമീകരിച്ച്, കൊച്ചുകൾ കൂട്ടിയാൽ വെെകിട്ട് കോഴിക്കോട്ടു നിന്നും കണ്ണൂരിലേക്ക് പോകാനും സൗകര്യമാകും.

ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ യാത്രാപ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ കക്ഷികൾക്കും ജനപ്രതിനധികൾക്കും ബാദ്ധ്യതയുണ്ട്. അതവർ നിറവേറ്റണം.

എം.ഫിറോസ് ഫിസ

ഓർഗനെെസിംഗ് സെക്രട്ടറി

മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോ.