പാളയംകോടൻ പഴം ചോക്ലേറ്റാവുന്നു
തിരുവനന്തപുരം: പാളയംകോടൻ പഴം ചില്ലറക്കാരനല്ല, ഇതിലെ പ്രകൃതിദത്ത പ്രീബയോട്ടിക് നാരുകൾ ചേർത്ത് ചോക്ലേറ്റ് നിർമ്മിക്കാം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലെ സെന്റർ ഒഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിലെ ശാസ്ത്രജ്ഞരാണ് ഇതിന്റെ സാദ്ധ്യത കണ്ടെത്തിയത്. പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്.
പഴത്തിലെ ഫൈബറിനൊപ്പം ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന പ്രൊബയോട്ടിക് ബാക്ടീരിയ കൂടി ഉൾപ്പെടുത്തിയുള്ളതാണ് ചോക്ലേറ്റ്. എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ) യുടെ അനുമതിയുള്ളതും ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുത്താനാകുന്നതുമായ പ്രൊബയോട്ടിക് ബാക്ടീരിയയാണ് ചോക്ലേറ്റിലും ഉപയോഗിക്കുന്നത്. തൈരിലും യോഗർട്ടിലുമുള്ള ബാക്ടീരിയയാണിത്.
വില്പന മൂല്യം കുറഞ്ഞ പാളയംകോടൻ പഴത്തിന് മൂല്യവർദ്ധന കൂടിയാണ് കണ്ടെത്തൽ. പൈനാപ്പിൾ, ചക്ക, മാങ്ങ എന്നിവയിലെ പ്രീബയോട്ടിക് നാരുകൾ ചേർത്തും പ്രോബയോട്ടിക് ചോക്ലേറ്റ് നിർമ്മിക്കാനാവും. ഈ പഴങ്ങൾ ഡയറ്ററി ഫൈബർ മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ചേർന്നതുമാണ് . നിർമ്മിക്കുന്നത്
ചോക്ലേറ്റ് മിശ്രിതം ചൂടാക്കിയ ശേഷം തണുപ്പിക്കും. നിശ്ചിത താപനിലയ്‌ക്കു താഴെ എത്തുമ്പോൾ പ്രീബയോട്ടിക് നാരുകളും പ്രൊബയോട്ടിക് ബാക്ടീരിയയും ചേർക്കും. താപനില അധികമായാൽ ബാക്ടീരിയ നശിക്കും. മൂന്ന് ചോക്ലേറ്റ് കമ്പനികൾ ഇതു നിർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സെന്റർ ഒഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിലെ സീനിയർ സയന്റിസ്റ്റ് ഡോ. മഹേഷ് എസ്.കൃഷ്ണയാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. സ്ഥാപന ഡയറക്ടർ ഡോ. സാബു തോമസിന്റെ സഹായത്തോടെയാണിത്.