നിർമിത ബുദ്ധിയും റിമോട്ട് സെൻസിംഗും; ആലത്തൂർ സീഡ് ഫാം അടിമുറി മാറുന്നു
ആലത്തൂർ: ഇനി കൃഷിയും സ്മാർട്ടാകും. ആലത്തൂർ വിത്തുൽപ്പാദന കേന്ദ്രത്തിലെ 19 ഏക്കറിലെ നെൽകൃഷിയിൽ നിർമിത ബുദ്ധി, റിമോട്ട് സെൻസിംഗ് എന്നിവ പ്രയോഗത്തിലേക്ക്. ആധുനികരീതിയിൽ നെൽവിത്ത് ഉത്പാദിപ്പിക്കാൻ യന്ത്രവത്കരണം, ഞാറ്റടി നിർമാണത്തിനും വിത്തുസംസ്‌കരണത്തിനും നൂതന സാങ്കേതികവിദ്യ, നെൽവിത്ത് സംഭരിക്കാൻ ഹൈടെക് ഗോഡൗൺ എന്നിവയും സജ്ജമാക്കും.
ഫലവൃക്ഷങ്ങളുടെ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ പോളി ഹൗസുകൾ, ആധുനിക കൃഷിരീതി പരിശീലിപ്പിക്കുന്ന കേന്ദ്രം, ആധുനിക കൃഷിരീതികളുടെ പ്രദർശനത്തോട്ടം, ജീവാണുവളങ്ങളും ജൈവകീടനാശിനികളും വളർച്ചാത്വരകങ്ങളും നിർമ്മിക്കുന്ന കേന്ദ്രം, ജലസേചനം കാര്യക്ഷമമാക്കാൻ ഭൂഗർഭജലസേചനസംവിധാനം, സോളാർ പമ്പുസെറ്റുകൾ തുടങ്ങിയവയും സ്ഥാപിക്കും. ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള സീഡ് ഫാമിൽ ദേശീയ കൃഷി വികാസ് യോജനയിൽ അനുവദിച്ച 4.16 കോടി രൂപ വിനിയോഗിച്ചാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക. തദ്ദേശവകുപ്പ് എൻജിനിയറിംഗ് വിഭാഗം, കാർഷിക എൻജിനിയറിംഗ് വിഭാഗം, ഭൂഗർഭജല വിഭാഗം, അനെർട്ട്, ഐഐടി, പാലക്കാട് സ്റ്റേറ്റ് സീഡ് ഫാം ഓഫീസർ എന്നിവയ്ക്കാണ് നിർവഹണച്ചുമതല. സുസ്ഥിര കാർഷികോത്പാദനം സാധ്യമാക്കാൻ അടിസ്ഥാനസൗകര്യവികസനം രണ്ടുവർഷത്തിനകം പൂർത്തിയാക്കും. ഒരു കോടി രൂപയുടെ വരുമാനം സീഡ് ഫാമിന് ലഭ്യമാക്കുകയും കർഷകർക്ക് ഉത്പാദനോപാധികളും കാർഷിക സാങ്കേതികവിദ്യകളും ലഭ്യമാക്കുകയും ചെയ്ത് മികവിന്റെ കേന്ദ്രമായി മാറുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. സീഡ് ഫാമിലെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് 2024 - 25 സാമ്പത്തികവർഷത്തെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത ഒന്നാംവിള മുതൽ ഇന്റലിജന്റ് ഫാം മോണിറ്ററിങ്, ഇന്റലിജന്റ് ഇറിഗേഷൻ സിസ്റ്റം എന്നിവ ഫാമിൽ സ്ഥാപിക്കും. ഐഐടിയിലെ അഗ്രിടെക് സ്റ്റാർട്ടപ്പായ 'റെവിൻ കൃഷി' മുഖാന്തരമാകും പ്രവർത്തനം. ഇന്റലിജന്റ് ഫാം മോണിറ്ററിങ് ഉപയോഗിച്ച് മണ്ണിന്റെയും സസ്യാരോഗ്യത്തിന്റെയും കാലാവസ്ഥ സാഹചര്യങ്ങളുടെയും സൂക്ഷ്മമായ മാറ്റങ്ങൾ മനസ്സിലാക്കാം. 'റെവിൻ സ്‌കൈ പൾസ്' എന്ന അത്യാധുനിക ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രങ്ങളിലൂടെ ചെടിയുടെ ആരോഗ്യത്തെക്കുറിച്ച് പൂർണ വിവരം യഥാസമയം ലഭ്യമാകും. വളപ്രയോഗം, രോഗകീടനിയന്ത്രണം എന്നിവ കാര്യക്ഷമമാക്കാനും കഴിയും.