സമുന്നതി ഇ-യാത്രയ്ക്ക് ഒരുങ്ങി സംസ്ഥാനം

Friday 15 August 2025 12:34 AM IST

പാലക്കാട്: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഇ-ഓട്ടോറിക്ഷ വാങ്ങാൻ സഹായം നൽകുന്ന ‘സമുന്നതി ഇ-യാത്ര’ പദ്ധതി ആരംഭിക്കുന്നു. പൊതുഭരണവകുപ്പിന്‌ കീഴിലുള്ള കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സമുന്നതി ഇ-യാത്ര പദ്ധതിക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 196 വനിതാസംരംഭകർക്കാണ് ഓട്ടോറിക്ഷ വാങ്ങാൻ സബ്‌സിഡി അനുവദിക്കുക. ഇതിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വനിതകൾക്ക് അവരുടെ സംരംഭങ്ങൾ വിജയകരമാക്കാനുള്ള സഹായം എന്ന നിലയ്ക്കാണ് ഓട്ടോറിക്ഷകൾ അനുവദിക്കുന്നത്. ഇതിലൂടെ അവരുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈദ്യുതി ഓട്ടോറിക്ഷ വാങ്ങാൻ 40 ശതമാനം സബ്‌സിഡിയാണ് അനുവദിക്കുക. ഒരാൾക്ക് ഒരുലക്ഷം രൂപവരെ ലഭിക്കും. കുടുംബത്തിന്റെ വാർഷികവരുമാനം നാലുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹതയുണ്ടാവുക. 50 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാനാകും.

കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡ് കരാറിലേർപ്പെടുന്ന ബാങ്കുമായി ചേർന്ന് വായ്പാടിസ്ഥാനത്തിലും ഓട്ടോറിക്ഷ വാങ്ങാം. ഈ സ്ഥാപനം തന്നെയാണ് ആനുകൂല്യം നൽകേണ്ടവരെ അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത് പട്ടിക തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളിൽ, ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മുൻഗണനയുണ്ടാകും. റേഷൻകാർഡ് ഉടമ, വയസ് എന്നിവയും തിരഞ്ഞെടുപ്പിന് മാനദണ്ഡമാകും. ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസും അപേക്ഷകയ്ക്കൊപ്പം വേണം. ഈ അപേക്ഷകയ്ക്കു മാത്രമേ വാഹനമോടിക്കാനും അനുവാദമുള്ളൂ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അപേക്ഷ സ്വീകരിക്കൽ പ്രവർത്തനങ്ങളിലേക്ക് കോർപറേഷൻ ഉടൻ കടക്കുമെന്ന് അധികൃതർ പറയുന്നു.