കംപാഷണേറ്റ് ഭാരത് സി.എസ്.ആർ ഓഫീസ് മണപ്പുറം മുംബയ് ഓഫീസിൽ

Friday 15 August 2025 12:54 AM IST

കൊച്ചി: ആൽഫ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സംരംഭമായ കംപാഷണേറ്റ് ഭാരതിന്റെ സി.എസ്.ആർ ഓഫീസ് മുംബയ് അന്ധേരി ഈസ്റ്റിലെ മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. എം. നൂറുദ്ദീന്റെ സാന്നിദ്ധ്യത്തിൽ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ വി. പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. 20 വർഷമായി കേരളത്തിൽ ആൽഫ പാലിയേറ്റീവ് കെയർ വികസിപ്പിച്ചെടുത്ത കമ്മ്യൂണിറ്റി മോഡലാണ് മുംബയിലും നടപ്പാക്കുന്നത്.

'ഹബ് ആൻഡ് സ്‌പോക്ക്' മോഡലിനെ പിന്തുടർന്ന് അഭയകേന്ദ്രങ്ങളും ലിങ്ക് സെന്ററുകളും സ്ഥാപിച്ച് സന്നദ്ധ പ്രവർത്തകർ പാലിയേറ്റീവ് മെഡിക്കൽ പരിചരണം ലഭ്യമാക്കുകയാണ്. അഭയകേന്ദ്രങ്ങൾ ഹബ്ബുകളായും ലിങ്ക് സെന്ററുകളായും പ്രവർത്തിക്കുന്നു. ആശുപത്രികൾ കൈയൊഴിയുന്ന രോഗികൾക്ക് ലിങ്ക് സെന്ററുകൾ ഹോം കെയർ നൽകും. ചെലവേറിയതും അനാവശ്യവുമായ ആശുപത്രി വാസം ഒഴിവാക്കി സ്വന്തം വീടുകളിൽ താമസിക്കാൻ ഇത് അവരെ സഹായിക്കും.

കാരുണ്യവും മേൻമയുമുള്ള പരിചരണം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ആയിരക്കണക്കിന് രോഗികൾ അനാവശ്യമായി കഷ്ടപ്പെടുമ്പോൾ ആരും വേദനയും നിരാശയും ഒറ്റയ്ക്ക് നേരിടേണ്ടിവരില്ലെന്ന് കംപാഷണേറ്റ് ഭാരതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീൻ പറഞ്ഞു. പാലിയേറ്റീവ് കെയർ വെറുമൊരു മെഡിക്കൽ സേവനമല്ലെന്നും മനുഷ്യത്വപൂർണമായ കാരുണ്യ പ്രവർത്തിയാണെന്നും വി.പി. നന്ദകുമാർ പറഞ്ഞു.