ആനക്കാംപൊയിൽ-കള്ളാടി മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31ന് മുഖ്യമന്ത്രി നിർവഹിക്കും
സംഘാടക സമിതി രൂപീകരിച്ചു
തിരുവമ്പാടി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമഗ്രികൾ ഇന്നലെ രാത്രിയോടെ മേപ്പാടിയിൽ എത്തി. തുരങ്കപാത പ്രവൃത്തി ഉദ്ഘാടന സംഘാടക സമിതി രൂപീകരണ യോഗം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ലിന്റോ ജോസഫ് എം.എൽ.എ ചെയർമാനും ടി വിശ്വനാഥൻ കൺവീനറുമായ 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. 13 സബ് കമ്മറ്റികളും രൂപീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി പട്ടിക വർഗ ക്ഷേമ മന്ത്രി ഒ ആർ കേളു തുടങ്ങിയവർ പങ്കെടുക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആദർശ് ജോസഫ്, അലക്സ് തോമസ് ചെമ്പകശ്ശേരി, കെ ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കൊളത്തൂർ, എസ്പിവി എക്സിക്യൂട്ടീവ് എൻജിനിയർ ഗുൽസാർ അഹമ്മദ്, ദിലീപ് ബിൽഡ് കോൺ കോഓർഡിനേറ്റർ റാണ, പൊതുമരാമത്ത് റോഡ് വിഭാഗം ഇ ഇ ഹാഷിർ തുടങ്ങിയവർ പ്രസംഗിച്ചു.