രണ്ട് സ്ഥിരം മീനുകളുടെ വില പകുതിയായി കുറഞ്ഞു; 1200 ഉണ്ടായിരുന്ന 'സൂപ്പര്‍സ്റ്റാറിനും' വിലയിടിവ്
തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്ത് മീന്‍ വില ഉയര്‍ന്നു നിന്നുവെങ്കില്‍ ഇപ്പോള്‍ മത്സ്യ പ്രേമികള്‍ക്ക് ആഘോഷത്തിന്റെ കാലമാണ്. ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകള്‍ കടലില്‍ പോകാന്‍ തുടങ്ങിയതോടെ മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ക്ക് വില പകുതിയിലും താഴെയായി കുറഞ്ഞിരിക്കുകയാണ്. വില പകുതിയില്‍ താഴെയായി കുറഞ്ഞതില്‍ സ്ഥിരം വീടുകളിലും ഹോട്ടലുകളിലും ആവശ്യക്കാര്‍ ഏറെയുള്ള മത്തിയും അയലയും ഉള്‍പ്പെടുന്നുണ്ട്.
കിലോയ്ക്ക് 400 രൂപയ്ക്ക് മുകളില്‍ വരെ എത്തിയ മത്തിക്ക് ഇപ്പോള്‍ കിലോഗ്രാമിന് 200 രൂപ നല്‍കിയാല്‍ മതി. സമാനമായി അയലയുടെ വിലയിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കിലോയ്ക്ക് 300 രൂപയായിരുന്നത് ഇപ്പോള്‍ ചെറിയ അയലയ്ക്ക് 100 രൂപ നല്‍കിയാല്‍ മതി. എന്നാല്‍ ഇടത്തരം വലുപ്പമുള്ളതിനും വലുതിനും വില അല്‍പ്പം കൂടി കൂടുതല്‍ നല്‍കണം. മീന്‍ വരവ് കൂടിയതോടെ ഹോട്ടലുകളിലും മത്സ്യ വിഭവങ്ങളുടെ വില കുറയുന്നതിനും ലഭ്യത കൂടുന്നതിനും കാരണമായിട്ടുണ്ട്.
വില കുറയുന്നത് സ്ഥിരം മീനുകളെപ്പോലെ വിപണിയിലെ സൂപ്പര്‍സ്റ്റാറുകളേയും ബാധിച്ചിട്ടുണ്ട്. 1200 രൂപ വിലയുണ്ടായിരുന്ന അയക്കൂറയ്ക്ക് ഇപ്പോള്‍ 700 ആണ് വില. 650ല്‍ നിന്ന് ആവോലിയുടെ വില 400 ആയി കുറഞ്ഞു. ചെമ്മീന്‍ വില 250ല്‍ നിന്ന് 150, സ്രാവിന് 600ല്‍ നിന്ന് 450, കണവ 300 എന്നിങ്ങനെയാണ് വില കുറഞ്ഞത്. വരും ദിവസങ്ങളിലും വിലക്കുറവ് തുടരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.