സ്ത്രീധനം: പരാതി നൽകാൻ പോർട്ടൽ തുറന്നെന്ന് സർക്കാർ

Friday 15 August 2025 12:32 AM IST

കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരം പരാതികൾ അറിയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വനിതാ ശിശു വികസന വകുപ്പാണ് ഇതിന് നടപടിയെടുത്തതെന്നും വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ സമ‌ർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമത്തിൽ, സ്ത്രീധനം നൽകുന്നതും കുറ്റമായി കണക്കാക്കുന്ന മൂന്നാം വകുപ്പ് റദ്ദാക്കണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

എല്ലാ ജില്ലകളിലും വനിത ശിശു വികസന ഓഫീസറെ ജില്ലാ സ്ത്രീധന നിരോധന ഓഫീസറായി നിയമിച്ചു. 2004 ലെ കേരള സ്ത്രീധന നിരോധന ചട്ടപ്രകാരം 2021 മുതലാണ് ഈ ചുമതലകൾ നൽകിയത്. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനാൽ ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്ത്രീധനം നൽകുന്നതും കുറ്റമായി കണക്കാക്കുന്ന വകുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഹർജി സെപ്തംബർ 16 ന് വീണ്ടും പരിഗണിക്കും. നിയമ ബിരുദധാരിയായ എറണാകുളം സ്വദേശി ടെൽമി ജോളിയാണ് ഹർജിക്കാരി. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ വധുവിന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പരാതി നൽകാൻ കഴിയുന്നില്ലെന്നും അതിനാൽ നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നുമാണ് ഹർജിയിലെ വാദം.