റോഡുകളിലെ അപകട മേഖല കണ്ടെത്താൻ ആപ്പ്, വികസിപ്പിച്ചത് നാറ്റ്പാക്

Friday 15 August 2025 12:35 AM IST

തിരുവനന്തപുരം: റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതിനനുസരിച്ച് ട്രാഫിക് ക്രമീകരണമടക്കം ഏർപ്പെടുത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് നാറ്റ്പാക്. ഇക്കാര്യങ്ങളടക്കം വിശകലനം ചെയ്യാൻ ഡാറ്റാബേസ്ഡ് മാനേജ്മെന്റ് സിസ്റ്റവും തയ്യാറാക്കി. ജി.ഐ.എസ് അധിഷ്ഠിതമാണിത്. ജംഗ്ഷനുകളിലെ വാഹനങ്ങൾ, കാൽനടക്കാർ, പാർക്ക് ചെയ്ത വാഹനങ്ങൾ, അപകടങ്ങൾ, റോഡിന്റെയും നടപ്പാതയുടെയും വീതി ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും വിശകലനം ചെയ്യാനുമാകും.

തിരഞ്ഞെടുത്ത ജംഗ്ഷനുകളിൽ ക്യാമറകൾ സ്ഥാപിച്ചാണ് വിവരശേഖരണം നടത്തുക. ഇത് ആപ്പിലേക്ക് മാറ്റി ഡാറ്റ വെബ് ഇന്റർഫേസിൽ ശേഖരിച്ചാണ് വിശകലനം ചെയ്യുക. നിലവിലുള്ള എ.ഐ ക്യാമറകളുമായും ബന്ധിപ്പിക്കാനാവും. അടുത്തഘട്ടത്തിൽ ഇതിനായി മാത്രം എ.ഐ ക്യാമറകൾ സ്ഥാപിക്കും. ഇതോടെ തത്സമയം ഓട്ടോമാറ്റിക്കായി വിവരങ്ങൾ ആപ്പിലെത്തും. ഭാവിയിൽ പൊതുജനങ്ങൾക്കും വിവരങ്ങൾ ലഭ്യമാക്കും.

സംവിധാനം ടെക്നോപാർക്കിൽ വിജയകരമായി പരീക്ഷിച്ചു. ഒരു മാസത്തിനകം മറ്റിടങ്ങളിലും ഉപയോഗിക്കും. നിലവിൽ ജീവനക്കാർ ഫീൽഡിലിറങ്ങി വിവരങ്ങൾ നോട്ട്ബുക്കിലടക്കം കുറിച്ചാണ് വിശകലനം ചെയ്യുന്നത്. ആപ്പ് വരുന്നതോടെ ഇതൊഴാക്കാനും കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ ചെയ്യാനുമാകും.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക്കിലെ (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ) ശാസ്ത്രജ്ഞരായ സഞ്ജയ്‌കുമാർ വി.എസ്, എബിൻ സാം. എസ് എന്നിവരാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.

ഗതാഗത സംവിധാനം

കാര്യക്ഷമമാകും

1.റോഡുകളിലെ ഗതാഗത പ്രശ്നങ്ങൾ കൃത്യതയോടെ വിശകലനം ചെയ്ത് പരിഹാര മാർഗം കണ്ടെത്താനാകും. ഇതോടെ ഗതാഗത സംവിധാനം കാര്യക്ഷമാക്കാം

2.ഓരോ സ്ഥലങ്ങളിലും ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കണ്ടെത്തി ആവശ്യമായ ഗതാഗത നിയന്ത്രണം സാദ്ധ്യമാക്കാം.