മഞ്ഞളിപ്പിൽ പകച്ച് നാളികേര കർഷകർ
കുറ്റ്യാടി: മലയോരത്തെ നാളികേര കർഷകരെ കണ്ണീരിലാക്കി തെങ്ങുകളിലെ മഞ്ഞളിപ്പ് രോഗം. മരുതോങ്കര, കാവിലുംപാറ, കായക്കൊടി, പഞ്ചായത്തുകളിലെ നൂറുകണക്കിന് തെങ്ങുകളാലാണ് മഞ്ഞളിപ്പ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഓലകൾക്ക് ചെറിയ മഞ്ഞ നിറം വരികയും കുലകൾ ശോഷിച്ചു താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ. നാളികേരത്തിന് അത്യാവശ്യം വിലയുള്ള ഈ സമയത്ത് രോഗബാധ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണെന്ന് മികച്ച നാളീകേരത്തിന് പേരുകേട്ട കുണ്ടുതോട്ടിലെ നാളികേര കർഷകനായ സോജൻ ആലക്കൽ പറയുന്നു. മലയോര മേഖലയിൽ കാർഷിക ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ദ്ധ സംഘം എത്തി പഠനം നടത്തി മഞ്ഞളിപ്പ് രോഗമുൾപ്പെടെ തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരം കാണണമെന്നാണ് കർഷകരുടെ പ്രധാ ന ആവശ്യം. കാലങ്ങളായി കർഷകരെ പ്രയാസപ്പെടുത്തുന്ന കാർഷിക പ്രശ്നങ്ങൾ അധികാരികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. കൃഷി വകുപ്പിൽ നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്.