തോരായിക്കടവിൽ തകർന്നത് നാട്ടുകാരുടെ പ്രതീക്ഷ
കൊയിലാണ്ടി: കാപ്പാട് ഉൾപ്പെടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയുടെ വികസനവും കണ്ണൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരവും എന്ന ലക്ഷ്യത്തോടെയാണ് തോരായിക്കടവ് പാലം നിർമ്മാണം ആരംഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ പാലം പാതിവഴിയിൽ തകർന്നതോടെ ഇനിയെന്തെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 2023 ആഗസ്റ്റ് മൂന്നിനാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഈ പാലം. അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നു നേരിട്ട് പൂക്കാട് എത്താം. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പം എത്താനും ഇതുവഴി സാധിക്കും. 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പലകാരണങ്ങളാൽ പ്രവൃത്തി നീണ്ടുപോയി. ഡിസംബറിൽ പണി പൂർത്തിയാക്കാമെന്നായിരുന്നു പിന്നീടുണ്ടാക്കിയ കരാർ. 50 ശതമാനത്തിലധികം ജോലികളും പൂർത്തിയായിരിക്കെയാണ് പാലത്തിന്റെ മദ്ധ്യഭാഗത്തെ 20 മീറ്ററോളം ഭാഗം തകർന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് പാലം നിർമാണം പൂർത്തിയാക്കിയാലും എന്ത് ധെെര്യത്തിലാണ് ഇതിലൂടെ യാത്ര നടത്തുകയെന്നാണ് നാട്ടുകാരുടെ ചോദ്യം.
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്നലെ വെെകിട്ട് മൂന്ന് മണിയോടെ വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികൾ നിർമ്മാണം പുരോഗമിക്കുന്ന പാലത്തിനടുത്തെത്തിയത്. 20 ഓളം ജോലിക്കാർ ഈ സമയം പാലത്തിലുണ്ടായിരുന്നു. ഇവരെല്ലാം പെട്ടെന്ന് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് പേർക്ക് നിസാര പരിക്കേറ്റു. നിർമ്മാണ ഘട്ടങ്ങളിലൊന്നും വേണ്ടത്ര വിദഗ്ദ്ധരുടെ മേൽനോട്ടം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.