വോട്ടർപ്പട്ടികയിലെ ഇരട്ടവോട്ട് കണ്ടെത്തും: അടൂർ പ്രകാശ്
പത്തനംതിട്ട: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സംസ്ഥാനത്തെ മുഴുവൻ വോട്ടർപ്പട്ടികയും പരിശോധിച്ച് ഇരട്ടവോട്ടുകൾ കണ്ടെത്തുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കള്ളവോട്ട് ശ്രമം പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പത്തനംതിട്ട പ്രസ്ക്ളബിലെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. ഇക്കാര്യം കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച ചെയ്യും.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് അനധികൃത പേരുകൾ നീക്കം ചെയ്തത് മാതൃകയാക്കും. 2024ൽ വോട്ടർപ്പട്ടിക പരിശോധിച്ചപ്പോൾ 2019ൽ ഒഴിവാക്കിയവരെയെല്ലാം ഉൾപ്പെടുത്തിയതാണ് കണ്ടത്. ഇപ്പോഴും അനധികൃത പേരുകളുണ്ട്. പരാതി നൽകാൻ ചീഫ് ഇലക്ഷൻ കമ്മിഷണറെ കാണാൻ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇ- മെയിലായി അയച്ച പരാതിക്ക് മറുപടി കിട്ടിയില്ല. കോടതിയെ സമീപിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡുകൾ വിഭജിച്ചത് അശാസ്ത്രീയമായാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യു.ഡി.എഫ് അന്വേഷിക്കും. യു.ഡി.എഫ് വിപുലീകരിച്ചില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരും.