 കാരണം കാണിക്കലിന് മറുപടി -- കള്ളം പറഞ്ഞില്ലെന്ന് ഡോ. ഹാരിസ്

Friday 15 August 2025 12:00 AM IST

തിരുവനന്തപുരം: കള്ളം പറഞ്ഞിട്ടില്ല.ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയത് വാസ്തവം.രോഗികൾക്ക് വേണ്ടി വൈകാരികമായി പ്രതികരിക്കേണ്ടിവന്നു. സർവീസ് ചട്ടലംഘനം നടത്തിയെങ്കിൽ ക്ഷമിക്കണം.കാരണം കാണിക്കൽ നോട്ടീസിന് മെഡിക്കൽ കോളേജ് യൂറോളജി മേധാവി ഡോ.ഹാരിസിന്റെ മറുപടിയാണിത്.മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയെ കുറിച്ചുള്ള ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.തുടർന്നാണ് ഡി.എം.ഇ നോട്ടീസ് നൽകിയത്.ആരോപണം ഉന്നയിച്ച ദിവസം മറ്റൊരു യൂണിറ്റിൽ ശസ്ത്രക്രിയ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഉപകരണമില്ലെങ്കിൽ അത് എങ്ങനെ എന്നായിരുന്നു ചോദ്യം.ഇതിനും ഹാരിസ് വ്യക്തമായ മറുപടി നൽകി.യൂറോളജി രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരൻ ഡോ. സാജുവിന്റെ കൈവശം പ്രോബ് ഉപകരണം ഉണ്ടായിരുന്നു.അത് ആശുപത്രിയുടേതല്ല.അദ്ദേഹം സ്വന്തമായി വാങ്ങിയതാണ്.തനിക്ക് ചോദിച്ചു വാങ്ങാനാകില്ല. മറ്റൊരാൾ വാങ്ങിയത് താൻ ഉപയോഗിക്കുന്നത് തെറ്റല്ലേയെന്ന മറുചോദ്യവും ഡോ. ഹാരിസിന്റെ മറുപടിയിലുണ്ട്.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.കെ ജബ്ബാറിന് നൽകിയ മറുപടി ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെക്ക് കൈമാറും.

അവശ്യ സാമഗ്രികൾ

സമയത്തിന് കിട്ടണം

 തെറ്റായ വിവരം പ്രചരിപ്പിച്ച് സർക്കാരിനും ആരോഗ്യവകുപ്പിനും അവമതിപ്പുണ്ടാക്കിയെന്ന നോട്ടീസിലെ പരമാർശം ശരിയല്ലെന്ന് ഹാരിസ്

 മൂത്രാശയക്കല്ല് നീക്കം ചെയ്യുന്ന ലിത്തോക്ലാസ്റ്റിൽ ഉപയോഗിക്കുന്ന പ്രോബ് വാങ്ങി നൽകാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി

 എച്ച്.ഡ‌ി.എസിൽ നിന്ന് സാമഗ്രികൾ ലഭ്യമാക്കുന്നതിന് വേഗം കൂട്ടണം.എന്നാലേ യഥാർത്ഥ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ.അതിനാണ് ശ്രമിച്ചത്