ബ്ളൂ ടൈഗേഴ്സ് മൊത്തം പുലിക്കുട്ടികളാണ് കേട്ടാ....
തിരുവനന്തപുരം : താരലേലത്തിൽ ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലേറെയും സഞ്ജു സാംസണിന് വേണ്ടി ചിലവഴിച്ചെങ്കിലും കൊച്ചി ബ്ളൂടൈഗേഴ്സ് ടീമിലെടുത്തിരിക്കുന്നവരാരും അത്ര മോശക്കാരല്ല. പേരും പെരുമയും അധികമില്ലെങ്കിലും ട്വന്റി-20 ഫോർമാറ്റിൽ കട്ടയ്ക്ക് സഞ്ജുവിന്റെ കൂടെനിൽക്കുന്ന പുലിക്കുട്ടികളെത്തന്നെയാണ് ഇക്കുറി ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസും ടീമുടമകളും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. യുവതാരങ്ങൾ മുതൽ ലീഗിലെ ഏറ്റവും പ്രായമേറിയ താരമായ കെ.ജെ രാകേഷ് വരെയുള്ള ബ്ളൂ ടൈഗേഴ്സ് യുവത്വവും പരിചയസമ്പത്തും ഒത്തിണക്കി ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്.
സഞ്ജുവിന്റെ ചേട്ടൻ സലി സാംസണിന്റെ നേതൃത്വത്തിലാണ് ബ്ളൂ ടൈഗേഴ്സ് ഇത്തവണ ഇറങ്ങുന്നത്.പേസ് ബൗളിംഗ് ആൾറൗണ്ടറാണ് സലി.കേരളത്തിനായി അണ്ടർ 16,19 ടീമുകളിൽ സലിയും സഞ്ജുവും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു വർഷം സലി ഉൾപ്പെട്ട അണ്ടർ 19 ടീമിന്റെ നായകനും സഞ്ജുവായിരുന്നു. എന്നാൽ സലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ സഞ്ജു പ്രൊഫഷണൽ മത്സരത്തിൽ കളിക്കാനിറങ്ങുന്നത് ആദ്യമാണ്. അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിരുന്നു.
ആദ്യ സീസണിൽ ടീമിന്റെ ടോപ്സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും സംഘത്തിലുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവരാണ് ബാറ്റിംഗ് നിരയിലെ ശക്തർ. ബാറ്റിങ് നിരയിലുണ്ട്. ആൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ടീമിന്റെ നട്ടെല്ല്. വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, ജെറിൻ പി.എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ആൾറൗണ്ടർമാർ. വേഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ.എം ആസിഫും അഖിൻ സത്താറുമാണ് പേസ് ബൗളിംഗിലെ കുന്തമുനകൾ. വിനൂപ് മനോഹരനും ജെറിനും കെ.ജെ രാകേഷിനുമൊപ്പം എൻ അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.
തന്ത്രങ്ങൾ മെനഞ്ഞ്
റെയ്‌ഫിയും സംഘവും
മുൻകേരള താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായ റെയ്ഫി വിൻസെന്റ് ഗോമസാണ് ബ്ലൂ ടൈഗേഴ്സിന്റെ ഹെഡ് കോച്ച്. പോണ്ടിച്ചേരി രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുള്ള റെയ്ഫി രാജസ്ഥാൻ റോയൽസ് ഹൈ പെർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി.എം ദീപക്കാണ് കോച്ചിംഗ് ഡയറക്ടർ. എ.ടി രാജാമണി, സാനുത്ത് ഇബ്രാഹിം, എസ്.അനീഷ് എന്നിവരാണ് മറ്റ് പരിശീലകർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്. ഏറെക്കുറെ ഒരേകാലയളവിൽ കേരളത്തിനായി ഒരുമിച്ച് കളിച്ചവരാണ് ഇപ്പോൾ ബ്ളൂടൈഗേഴ്സിന്റെ കുടക്കീഴിൽ ഒരുമിച്ചിരിക്കുന്നത്. സഞ്ജുവിന്റെ കരിയറിന്റെ തുടക്കത്തിൽ ഇവരെല്ലാം ഒപ്പമുണ്ടായിരുന്നു. കൊച്ചി ബ്ളൂ ടൈഗേഴ്സ് സ്ക്വാഡ്
സലി വിശ്വനാഥ് (ക്യാപ്ടൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, അഖിൻ സത്താർ, കെ.എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ.ജി.
ലേലത്തിൽ സഞ്ജുവിനായി കൂടുതൽ തുക മുടക്കുമ്പോൾ തന്നെ മികച്ച താരങ്ങൾ അടങ്ങിയ ടീമിനെ സ്വന്തമാക്കാൻ കൃത്യമായി പ്ളാൻ ചെയ്തിരുന്നു. ട്വന്റി-20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന മികച്ച താരങ്ങളെതന്നെ സഞ്ജുവിനൊപ്പം ഇറക്കാനാകും.
- റെയ്ഫി വിൻസന്റ് ഗോമസ്,
കൊച്ചി ബ്ളൂ ടൈഗേഴ്സ് ഹെഡ് കോച്ച്