കേരള തീരത്തെ കപ്പലപകടം(ഡെക്ക്)​ നഷ്ടപരിഹാരം തേടി കൂടുതൽ ഹർജികൾ എം.എസ്.സി മക്കോട്ടോ-2 തടഞ്ഞിടാൻ ഉത്തരവ്

Friday 15 August 2025 12:00 AM IST

കൊച്ചി: കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ കടലിൽ ഒഴുകുന്നതു കാരണം മത്സ്യബന്ധനം തടസപ്പെട്ടെന്നാരോപിച്ച് ഏഴ് ബോട്ടുടമകൾ കൂടി ഹൈക്കോടതിയിൽ അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്തു. 2.79 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരൻ, വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം.എസ്.സി മക്കോട്ടോ-2 എന്ന കപ്പൽ തടഞ്ഞിടാൻ ഉത്തരവിട്ടു. തുക ഹൈക്കോടതിയിൽ കെട്ടിവച്ചാൽ കപ്പൽ വിട്ടയയ്‌ക്കാം. പിന്നീട് വിശദമായ വാദം കേൾക്കും.

60 മീറ്റർ ആഴത്തിൽ മുങ്ങിക്കിടക്കുന്ന കപ്പലിലെ കണ്ടെയ്‌നറുകൾ കടലിനടിയിലെ സമ്മർദ്ദത്താൽ പൊട്ടിത്തെറിച്ച് ഒഴുകിനീങ്ങുകയാണ്. ഇതിൽ കുരുങ്ങി വലകൾ നശിക്കുകയും ബോട്ടുകൾ തകരാറിലാവുകയും ചെയ്യുന്നതായി ഹർജിയിൽ പറയുന്നു. ബോട്ടുടമകളായ അലക്‌സ് അലോഷ്യസ്, അഖിലാനന്ദൻ, രാജേഷ് പുരുഷൻ, പീറ്റർ മത്യാസ്, ജി. സുനിൽ, ജോസഫ് മോറിസ്, കെ.ആർ. ബാബു എന്നിവരാണ് ഹർജിക്കാർ. ഇവർക്കുവേണ്ടി അഭിഭാഷകരായ വി.ജെ. മാത്യു, മെർലിൻ മാത്യു എന്നിവർ ഹാജരായി. കഴിഞ്ഞ ദിവസം അഞ്ച് മത്സ്യബന്ധന ബോട്ടുടമകൾ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് എം.എസ്.സി പലേർമോ എന്ന കപ്പൽ തടഞ്ഞിട്ടിരുന്നു.