പ്രിമിയർ ചെസ് ലീഗ് : ഇന്ന് താരലേലം
തിരുവനന്തപുരം : സെപ്തംബർ 6,7 തീയതികളിൽ നടക്കുന്ന കേരള പ്രീമിയർ ചെസ് ലീഗ് ടൂർണമെന്റിലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലം ഇന്നും നാളെയുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ നടക്കും.ഇന്ത്യയിലെ ഏറ്റവും ഉയർന്ന കാഷ് പ്രൈസ് നൽകുന്ന ചെസ് ലീഗിന് പ്രിമിയർ ചെസ് അക്കാഡമിയും ചെസ് കേരളയുമാണ് നേതൃത്വം നൽകുന്നത്.
ഉച്ചയ്ക്ക് രണ്ടുമണിമുതലാണ് ലേലം തുടങ്ങുന്നത്. പ്രിമിയർ ചെസ് ലീഗിനായി വിഖ്യാത ഗായിക ഉഷ ഉതുപ്പ് പാടിയ തീം സോംഗിന്റെ ലോഞ്ചിംഗും ടീമുകളുടെ ജഴ്സി പ്രകാശനവും നടക്കും. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 25ലക്ഷം രൂപയാണ്. ചാമ്പ്യൻ ടീമിന് പത്ത് ലക്ഷം ലഭിക്കും. രണ്ടാം സ്ഥാനം 7 ലക്ഷം, മൂന്നാം സ്ഥാനം 4 ലക്ഷം, നാലാം സ്ഥാനം 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാന ഘടന.
കേരളത്തിലെ എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ച് 14 ടീമുകൾ ലീഗിൽ മാറ്റുരയ്ക്കും.
ഗ്രാൻഡ് മാസ്റ്റർമാർ മുതൽ അണ്ടർ-9 താരങ്ങളായുള്ള കളിക്കാരെ കാറ്റഗറികൾ തിരിച്ചാണ് ലേലത്തിൽ വയ്ക്കുക.
ഓരോ ടീമിലും വിവിധ കാറ്റഗറികളിലുള്ള കളിക്കാരെ ഉൾപ്പെടുത്തണം.
രജിസ്റ്റർ ചെയ്ത 650 കളിക്കാരിൽ നിന്ന് 350 പേരെയാണ് ലേലത്തിലൂടെ ടീമുകൾക്ക് സ്വന്തമാക്കാനാവുക.
ഓരോ ടീമിനും 20 സജീവ കളിക്കാരെയും 5 റിസർവുകളിക്കാരെയും ലേലത്തിലെടുക്കാം.
ഒൻപത് മുതൽ 56 വയസുവരെയുള്ളവർക്ക് ടീമുകളിൽ ഇടമുണ്ടാകും