ഗോൾമുഖത്ത് എം.എ. ബേബി പഠനകാലത്തെ ഫുട്ബാൾ ഓർമ്മയുമായി വീണ്ടും കളിക്കളത്തിൽ

Friday 15 August 2025 12:00 AM IST

കൊല്ലം: ഗോൾ പോസ്റ്റിനു കീഴെ എം.എ. ബേബി നിന്നാൽ എതിർ ടീമൊന്ന് വിയർക്കും. ഒത്ത നീളം, വേഗം, പ്രസരിപ്പ്. ലക്ഷണമൊത്ത ഗോൾ കീപ്പർ. 1971-72 കാലയളൽ കൊല്ലം എസ്.എൻ കോളേജിൽ നടന്ന തകർപ്പൻ ഫുട്ബാൾ മത്സരങ്ങൾ രാഷ്ട്രീയത്തിൽ എതിരായിരുന്നവർക്കും വശ്യമായ ഓർമ്മയാണ്.

സ്കൂൾ പഠനകാലത്ത് ഫുട്ബാളിൽ ഓൾ റൗണ്ടറായിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് എസ്.എൻ കോളേജിലെ മത്സരങ്ങളിലാണ് ഗോൾ കീപ്പറായത്. സ്റ്റേറ്റ് ടീം മെമ്പർ നജുമുദ്ദീനോട് ഏറ്റുമുട്ടിയ ടീമിലും എം.എ.ബേബിയായിരുന്നു ഗോൾ കീപ്പർ.

കൊല്ലം പ്രാക്കുളം കുന്നത്ത് പി.എം.അലക്സാണ്ടറുടെയും ലില്ലിയുടെയും ഇളയ പുത്രനായ ബേബി പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെത്തിയപ്പോഴാണ് ഫുട്ബാൾ തട്ടിത്തുടങ്ങിയത്. വളരെ പെട്ടെന്ന് പ്രധാന കളിക്കാരനായി.

പ്രീഡിഗ്രിക്ക് എസ്.എൻ കോളേജിൽ ചേർന്നപ്പോൾ കായിക താരമെന്ന നിലയിൽ ശ്രദ്ധേയനായി. ഫുട്ബാളിനൊപ്പം ബാഡ്മിന്റണിലും തിളങ്ങി. കേരള സർവകലാശാല മത്സരത്തിൽ ഒരു തവണ ബാഡ്മിന്റണിൽ വിജയിക്കുകയും ചെയ്തു. ബി.എ പൊളിറ്റിക്സിന് ചേർന്നപ്പോഴാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1974ൽ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായതോടെ കളിക്കളം ഉപേക്ഷിച്ചു. ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു നടന്ന പ്രദർശന മത്സരത്തിലാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വീണ്ടും കളിക്കളത്തിലിറങ്ങിയത്.

മറക്കില്ല ആ പെനാൽറ്റി

പെരുമണിൽ വാശിയേറിയ ഫുട്ബാൾ മത്സരം. ഒരു ഗോളിന് എതിർ ടീം ലീഡ് ചെയ്യുന്നു. ഗോളി എം.എ. ബേബി, ഒരു പന്ത് ഗോൾ പോസ്റ്റിനു നേരെ പാഞ്ഞുവരുന്നു. അത് കരവലയത്തിലാക്കാൻ സന്നദ്ധനായി നിൽക്കുമ്പോൾ ടീം അംഗമായിരുന്ന എസ്.വി.സുധീർ (ഇപ്പോൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ. വി.സി) കൈകൊണ്ട് അത് തട്ടിത്തെറിപ്പിച്ചു. അത് പെനാൽറ്റിയായി. 2006ൽ കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കവേ വോട്ട് ചോദിച്ച് പെരുമണിലെത്തിയപ്പോൾ പണ്ട് കളി കണ്ടവർ ആ പെനാൽറ്റി കഥ ഓർത്തുപറഞ്ഞു.

''ഫുട്ബാൾ അന്നും ഇന്നും ആവേശമാണ്. ബെറ്റിയും (ഭാര്യ) ഞാനും മത്സരങ്ങൾ കാണാൻ പോകാറുണ്ട്. ടി.വിയിലും കാണും.

എം.എ. ബേബി