'വിഭജന ഭീതി ദിനം' അങ്ങിങ്ങ് ആചരണം

Friday 15 August 2025 12:00 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തലേന്ന് 'വിഭജന ഭീതി ദിനം' ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം ചുരുക്കം ക്യാമ്പസുകളിലേ നടപ്പായുള്ളൂ. പലേടത്തും ചെറിയ തോതിൽ സംഘർഷവുമുണ്ടായി. കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടെന്ന് മന്ത്രി ആർ.ബിന്ദു കോളേജുകൾക്കും സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരുന്നു. സാമുദായിക ധ്രുവീകരണവും വർഗ്ഗീയ വിദ്വേഷത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേരള, ആരോഗ്യ, സാങ്കേതിക, കണ്ണൂർ, കുസാറ്റ് സർവകലാശാലകൾ ദിനാചരണം നടത്താൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാലയിലെ വേദാന്ത വകുപ്പ് ഓൺലൈനായി ദിനാചരണം നടത്തിയതായി വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. കുസാറ്റിലും ദിനാചരണം നടത്തിയതായി അറിയുന്നു. ഏതൊക്കെ ക്യാമ്പസുകളിലാണ് ദിനാചരണം നടത്തിയതെന്ന് അറിയിക്കാൻ വി.സിമാരോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും പ്രഖ്യാപിച്ചിരുന്നു.