ഡോ. വേസ് പെയ്സ് അന്തരിച്ചു

Thursday 14 August 2025 11:28 PM IST

ന്യൂഡൽഹി : 1972 മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗവും 1996 ഒളിമ്പിക്സിലെ ടെന്നിസ് വെങ്കലമെഡലിസ്റ്റ് ലിയാൻഡർ പെയ്സിന്റെ പിതാവുമായ ഡോ. വേസ് പെയ്സ് (80)അന്തരിച്ചു. കായികരംഗത്തും വൈദ്യശാസ്ത്രത്തിലും കായിക ഭരണരംഗത്തും തിളങ്ങിയ വ്യക്തിത്വമാണ്.

ഗോവയിൽ 1945ലാണ് ജനനം. ക്രിക്കറ്റ്, ഫുട്‌ബാൾ , റഗ്ബി എന്നിവയും കളിച്ചിട്ടുള്ള വേസ് പെയ്സ് 1971ൽ ലോകകപ്പ് വെങ്കലം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്നു. തുടർന്നായിരുന്നു ഒളിമ്പിക് മെഡൽ നേട്ടം. മിഡ്ഫീൽഡറായാണ് ഹോക്കി ടീമിൽ കളിച്ചിരുന്നത്. സ്‌പോർട്‌സ് മെഡിസിനിൽ വിദഗ്ധനായിരുന്ന ഇദ്ദേഹം ബി.സി.സി.ഐയുടെ ദീർഘകാലം ബി.സി.സി.ഐയുടെ ആന്റി ഡോപ്പിംഗ് ഡിപ്പാർട്ട്മെന്റ് തലവനായിരുന്നു. 1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്‌ബാൾ യൂണിയൻ പ്രസിഡന്റായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സ്‌പോർട്‌സ് ക്ലബ്ബുകളിലൊന്നായ കൽക്കട്ട ക്രിക്കറ്റ് ആൻഡ് ഫുട്‌ബാൾ ക്ലബിന്റെ പ്രസിഡന്റ് പദവും വഹിച്ചിട്ടുണ്ട്.ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനാെപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ബംഗാളി കവി മൈക്കിൾ മധുസൂദൻ ദത്തയുടെ പ്രപൗത്രിയും മുൻ ഇന്ത്യൻ ബാസ്‌കറ്റ്‌ബാൾ താരവുമായ ജെന്നിഫർ ഡട്ടനാണ് ഭാര്യ. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഏക അച്ഛനും മകനുമാണ് വേസും ലിയാൻഡറും.