സോനയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പ്രതികൾ

Friday 15 August 2025 12:00 AM IST

കോതമംഗലം: കറുകടം സ്വദേശി സോന എൽദോസ് (23) ജീവനൊടുക്കിയ കേസിൽ കാമുകന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിചേർത്തു. മുഖ്യപ്രതി റമീസി (24) ന്റെ പിതാവ് ആലുവ പാനായിക്കുളം തോപ്പിൽപറമ്പിൽ റഹിം, ഭാര്യ ഷെറീന എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.

ഒളിവിൽ പോയ ഇരുവരും വൈകാതെ അറസ്റ്റിലാകുമെന്നാണ് സൂചന. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാർ മുഖേന ഇവർ പൊലീസുമായി ബന്ധപ്പെട്ടതായി അറിയുന്നു. റമീസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്ത് സഹദിനെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളും ഒളിവിലാണ്.

കേന്ദ്രമന്ത്രിമാർ സോനയുടെ വീട് സന്ദർശിച്ചതോടെ സംഭവം കൂടുതൽ വിവാദമായതും എൻ.ഐ.എ ഇടപെടലിനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് മാതാപിതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. റമീസും കുടുംബവും മതംമാറ്റത്തിന് നിർബന്ധിച്ചെന്നും അപമാനിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മകളുടെ മരണം എൻ.ഐ.എ അന്വേഷിക്കണമെന്ന് സോനയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടതും പൊലീസിനെ സമ്മർദ്ദിത്തിലാക്കി.

റിമാൻഡിൽ കഴിയുന്ന റമീസിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.