അടൂർ റവന്യൂടവറിൽ വീൽചെയർ വേണം

Thursday 14 August 2025 11:36 PM IST

അടൂർ :റവന്യു ടവറിലെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ള പൊതുജനങ്ങൾക്ക് സഹായകരമായി വീൽചെയർ വേണമെന്ന ആവശ്യം ശക്തമാകുന്നു. .താലൂക്ക് ഓഫീസ് ,സർവേ ഓഫീസ് ,സബ് ട്രഷറി ,ആർ. ടി .ഒ ഓഫീസ്‌ ,ലീഗൽ മെട്രോളജി ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നയിടമാണ് റവന്യൂ ടവർ .ദിവസേന ആയിരക്കണക്കിന് ആളുകളാണ് പല നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തുന്നത് .ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തുന്ന മുതിർന്ന പൗരന്മാരിൽ പലരും പരസഹായത്തോടെയാണ് മുകളിലേക്ക് കയറുന്നത് .ലിഫ്റ്റുകൾ പലപ്പോഴും പ്രയോജനപ്പെടുത്താനാകില്ല .ശാരീരിക ബുദ്ധിമുട്ടുള്ളവരെ കസേരയിലെടുത്ത് ഓഫീസുകളിലേക്ക് ബന്ധുക്കളും ജീവനക്കാരും ചേർന്ന് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ലിഫ്റ്റ് പ്രവർത്തന രഹിതമാകുമ്പോൾ ശാരീരിക ബുദ്ധിമുട്ടുള്ളവർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.പടികൾ ചവിട്ടി കയറാനാകാതെ പലരും തിരിച്ചുമടങ്ങുന്നത് റവന്യു ടവറിലെ നിത്യകാഴ്ചയാണ്.ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് റവന്യു ടവർ.ഏതെങ്കിലും സന്നദ്ധ സംഘടനകളോ പ്രവാസി കൂട്ടായ്മകളോ ഒരു വീൽചെയർ റവന്യു ടവറിലേക്ക് നൽകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.