വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ്, ചില്ല് തകർന്നു
തിരുവനന്തപുരം: താനൂരിനും തിരൂരിനും മദ്ധ്യേ വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്നു.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ ബുധനാഴ്ചയുണ്ടായ കല്ലേറിൽ സി 7 കോച്ചിന്റെ ചില്ലാണ് തകർന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ആക്രമണത്തിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്തു.
കുറച്ചുദിവസം മുമ്പ് തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ തിരുനാവായ സ്റ്റേഷന് സമീപത്തുവച്ച് കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ ആർ.പി.എഫ് ഒരാളെ പിടികൂടി. വെള്ളറക്കാട് വച്ച് പിടികൂടിയ ഇയാൾ ഹിന്ദിയാണ് സംസാരിക്കുന്നത്. ചന്ദ്രു എന്ന് പേര് പറഞ്ഞെങ്കിലും പരസ്‌പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.