സ്കൂളിൽ മൂന്നു മിനിറ്ര് വൈകി........... അഞ്ചാം ക്ളാസുകാരനെ ഇരുട്ടു മുറിയിൽ അടച്ചു, ഗ്രൗണ്ടിൽ ഓടിച്ചു

Friday 15 August 2025 12:00 AM IST

കൊച്ചി: സ്കൂളിലെത്താൻ മൂന്നു മിനിറ്റ് വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ അടച്ചിട്ടെന്നും സ്കൂൾ ഗ്രൗണ്ടിലൂടെ ഓടിച്ചെന്നും ആരോപണം. തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം. കുട്ടിക്ക് ടി.സി നൽകി പറഞ്ഞുവിടുമെന്നും വൈകി വന്നാലുള്ള നടപടിയാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായും രക്ഷിതാക്കൾ അറിയിച്ചു. രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കമുണ്ടായി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡി.ഡി.ഇ ഇന്നലെ വൈകിട്ട് റിപ്പോർട്ട് നൽകി. വൈകിയെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ഇത്തരം ശിക്ഷാരീതികൾ നിലവിലുള്ളതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്.

രണ്ടുതവണ വൈകിയെത്തിയാൽ മുന്നറിയിപ്പും മൂന്നാംവട്ടം ശിക്ഷാ നടപടിയുമാണെന്ന് സ്കൂൾ അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു. മൂന്നാം തവണ വൈകിയാൽ ക്ലാസിൽ കയറ്റില്ല. അസംബ്ലിയിൽ കുട്ടികൾ ജോഗിംഗ് നടത്തുന്നതുപോലെ വൈകിയെത്തുന്ന കുട്ടിയെ ഒറ്റയ്‌ക്ക് ഓടിക്കാറുണ്ടെന്നും സ്‌കൂൾ അധികൃതർ സമ്മതിച്ചു. ഇതിനുശേഷം ഒരു മുറിയിലിരുത്തുമെന്നും രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഒപ്പം പറഞ്ഞയയ്‌ക്കുമെന്നും റിപ്പോർട്ടിലുണ്ട്.

തീരുമാനം പി.ടി.എ ജനറൽ ബോഡി എടുത്തതാണെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞു. എന്നാൽ, അതിന്റെ മിനിറ്റ്‌സ് ഹാജരാക്കാൻ സ്‌കൂൾ അധികൃതർക്കായില്ല. ഇത്തരം ശിക്ഷാനടപടികൾ പൂർണമായും പിൻവലിക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് ഡി.ഡി.ഇക്ക് ഉറപ്പ് നൽകി. ഇത്തരം ശിക്ഷാനടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂളിന്റെ എൻ.ഒ.സി റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്നും ഡി.ഡി.ഇ സ്‌കൂളിനെ അറിയിച്ചു.

കർശന നടപടി:

മന്ത്രി ശിവൻകുട്ടി

ഡി.ഡി.ഇയുടെ റിപ്പോർട്ട് പരിശോധിച്ചശേഷം വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടിയുടെ അച്ഛനുമായി സംസാരിച്ചിരുന്നു. ഇഷ്ടമുള്ള ശിക്ഷ നൽകുന്നത് കേരളത്തിലെ വിദ്യാഭ്യാസ സംസ്‌കാരത്തിന് യോജിച്ചതല്ല. കുട്ടി ടി.സി വാങ്ങേണ്ടതില്ല. അവിടെത്തന്നെ കുട്ടിയെ പഠിപ്പിക്കും. കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.