സ്വാതന്ത്ര്യ സമരസേനാനി തച്ചമല നാണുനായർക്ക് സ്മാരകം വേണം
കോന്നി : മഹാത്മാഗാന്ധിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും വെട്ടൂർ ഗ്രാമശിൽപ്പിയുമായ തച്ചമല ടി.എൻ.നാണു നായർക്ക് സ്മാരകമായില്ല. സാമൂഹ്യസേവനം സാമ്പത്തിക ലാഭത്തിനല്ലായെന്ന് കാട്ടിക്കൊടുത്ത തലമുറയിലെ അവസാനത്തെ കണ്ണിയിൽപ്പെട്ട ആളാണ് നാണു നായർ. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, ഗാന്ധിയൻ, മദ്യവിരുദ്ധ പ്രവർത്തകൻ, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്, ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചാരകൻ, എൻ.എസ്.എസ് പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായിരുന്നു. കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ നാണു നായർ വലിയ പങ്കുവഹിച്ചു. ആചാര്യ വിനോഭാവയുടെ ഭൂദാന പ്രസ്ഥാനത്തിൽ സജീവ അംഗമായിരുന്നു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായ അദ്ദേഹം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ മലയാലപ്പുഴയിൽ പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. അക്കാലത്ത് റേഡിയോയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് പഞ്ചായത്തിൽ ഉടനീളം റേഡിയോ കിയോസ്‌ക്കുകൾ സ്ഥാപിച്ചു. പൊതിപ്പാട് കിഴക്ക്പുറം വെട്ടൂർ എന്നിവിടങ്ങളിൽ ഇന്നും റേഡിയോ കിയോസ്ക്കുകൾ ഉണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുമായുള്ള അടുപ്പത്തിലൂടെ വെട്ടൂരിൽ ദേശീയ വായനശാല സ്ഥാപിച്ചു. ഖാദി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വെട്ടൂരിൽ നൂൽനൂൽപ്പ് കേന്ദ്രം ഒരുക്കി. ഗാന്ധി സ്മാരക നിധിയുടെ കേന്ദ്രം ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. മലയാലപ്പുഴ പഞ്ചായത്തിൽ ആയുർവേദആശുപത്രി സ്ഥാപിക്കുന്നതിന് വെട്ടൂരിൽ സ്വന്തംസ്ഥലം സൗജന്യമായി നൽകി.
വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റായി 50 വർഷം സേവനം അനുഷ്ഠിച്ചു. എൻ എസ് എസ് പ്രതിനിധിസഭാ അംഗമായും പത്തനംതിട്ട താലൂക്ക് യൂണിയൻ ഭരണസമിതി അംഗമായും പ്രവർത്തിച്ചു. കുടുംബ സ്വത്തായി കിട്ടിയ വസ്തുക്കളിൽ നല്ലൊരു പങ്കും ദാനമായി നൽകി. വെട്ടുരിലെ ഗാന്ധി സ്മാരക നിധിയുടെ സ്ഥലം ഇദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുവാൻ ജില്ലാ ഭരണകൂടം പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാണുനായരുടെ സ്മരണയ്ക്ക് ആശുപത്രിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപികയായ ഇളയ മകൾ ഉമ സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വെട്ടൂർ ടി എൻ നാണുനായർക്ക് നാട്ടിൽ സ്മാരകം നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
പങ്കജാക്ഷൻ അമൃത
(മാദ്ധ്യമപ്രവർത്തകൻ, ഗാന രചയിതാവ്)