സി.പി.ഐ ജില്ലാ സമ്മേളനം തുടങ്ങി, ഇരട്ട വോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണം : മന്ത്രി കെ.രാജൻ
കോന്നി: തൃശൂരിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടി ഇരട്ടവോട്ടുകൾ ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോന്നിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയുടെ സഹോദരങ്ങൾ ഉൾപ്പെടെ രണ്ട് ഐ ഡി കാർഡുകൾ ഉപയോഗിച്ച് രണ്ടിടങ്ങളിലാണ് വോട്ടുചെയ്തത്. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നു. ഭരണം നേടാൻ ബി ജെ പി രാജ്യത്താകെ നടപ്പാക്കുന്ന വോട്ടർ പട്ടികയിലെ കൃത്രിമങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമുണ്ടന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങളാകെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുകയാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിറുത്താനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ്. ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റും ജയിൽവാസവും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഗവർണർമാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ അവകാശങ്ങളെ കവർന്നെടുത്ത് സംഘപരിവാർ ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്നു. വിമോചന സമരത്തിന്റെ പ്രായോജകർ സംസ്ഥാന സർക്കാരിനെ തകർക്കാൻ വീണ്ടം വർഗീയ ശക്തികളെ കൂട്ടുപിടിച്ച് മഴവിൽ സഖ്യമായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷക്കാലം കൊണ്ട് കേരളത്തെ സമസ്ത മേഖലകളിലും രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിച്ച സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഇടതുപക്ഷം ജനങ്ങളെ അണിനിരത്തി ചെറുക്കും. ക്ഷേമ പെൻഷനുകൾ ഘട്ടം, ഘട്ടമായി വർദ്ധിപ്പിച്ചു ഇപ്പോൾ 1600 ആക്കി ഒരു വർഷത്തിനുള്ളിൽ 2000 രൂപയായി ഉയർത്തി നൽകും. രണ്ട് മാസത്തിനുള്ളിൽ പെരുമ്പട്ടിയിലെയും കോന്നിയിലെയും 1000 അംഗം ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, പി.ആർ.ഗോപിനാഥൻ, മുണ്ടപ്പള്ളി തോമസ്, ഡി.സജി, അഡ്വ.കെ.ജി.രതീഷ് കുമാർ, എം.പി.മണിയമ്മ, എ.ദീപകുമാർ എന്നിവർ സംസാരിച്ചു.