കള്ളിൽ ആൽക്കഹോൾ പരിധി 8.1% വിജ്ഞാപനം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: തെങ്ങിൻ കള്ളിൽ ഇഥൈൽ ആൽക്കഹോളിന്റെ പരിധി 8.98% വരെയാക്കാൻ സംസ്ഥാനം തീരുമാനിച്ച സാഹചര്യത്തിൽ 2007ലെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. ആൽക്കഹോൾ പരിധി 8.1% ആയി നിശ്ചയിച്ചുള്ളതായിരുന്നു മുൻ വിജ്‍ഞാപനം.
2007ലെ വിജ്ഞാപനത്തിന് പിന്നാലെ എടുത്ത കേസുകളിലെ നടപടികളും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഒരു കൂട്ടം അബ്കാരികൾ സമർപ്പിച്ച ഹർജികളിലാണ് നടപടി.
പല ഷാപ്പുകളിലെയും തെങ്ങിൻ കള്ളിൽ നിയമപരമായ പരിധിയും കടന്നുള്ള ആൽക്കഹോൾ സാന്നിദ്ധ്യം കണ്ടെത്തി നിരവധി എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. 2002ലെ കേരള അബ്കാരി ഷോപ്പ്സ് (ഡിസ്‌പോസൽ ഇൻ ഓക്ഷൻ) റൂൾസിലെ ചട്ടം 9(2) പ്രകാരമായിരുന്നു കേസെടുക്കൽ. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി വിഷയം പരിശോധിക്കുകയും, ആൽക്കഹോൾ പരിധി 8.98% വരെയാകാമെന്ന് ശുപാർശ ചെയ്യുകയും ചെയ്‌തു. ഇക്കാര്യം സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.പി. ചാലി, അഡ്വ. റോയ് എബ്രഹാം എന്നിവർ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്നാണ് വിജ്ഞാപനവും കേസുകളും റദ്ദാക്കിയത്.