വിശി വിശ്വനാഥിന് രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ

Friday 15 August 2025 12:48 AM IST
വിശി വിശ്വനാഥ്

പത്തനംതിട്ട : ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ചു. ഫയർ സർവീസിലെ മികവിനാണ് മെഡൽ. ഇന്നലെയാണ് അദ്ദേഹം ജില്ലാ ഫയർ ഓഫീസറായി ചുമതലയേറ്റെടുത്തത്.

2009-ൽ അദ്ദേഹം കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ ആയിരിക്കെ നാടിനെ നടുക്കിയ ടാങ്കർ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പാചകവാതക ടാങ്കറും കാറും കൂട്ടിയിടിച്ച് മറിഞ്ഞ് ഗ്യാസ് ലീക്ക് ചെയ്ത വിവരമറിഞ്ഞ് ദുരന്തമുഖത്ത് എത്തി, കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു. ഗ്യാസ് ലീക്ക് തടയാനുള്ള ശ്രമം നടത്തുന്നതിനിടെ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയാണുണ്ടായത്. എട്ടുപേരുടെ മരണത്തിനും 12 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സ്ഫോടനത്തിൽ വിശി വിശ്വനാഥ് ഉൾപ്പെടെ രണ്ടുപേർ ദൂരത്തേക്ക് തെറിച്ചു പോവുകയും ശരീരമാസകലം മുപ്പത് ശതമാനം പൊള്ളലേൽക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് ജീവിതത്തിലേക്ക് തിരികെവന്നത്.

2019ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് 18 ദിവസങ്ങളോളം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. പൊ

ലീസിൽ സി.പി.ഒയായും പഞ്ചായത്തിൽ ക്ലർക്കായും മുമ്പ് ജോലിചെയ്തിരുന്നു. 2017ൽ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. 25 ഗുഡ് സർവീസ് എൻട്രിയുണ്ട്. കൊവിഡ് കാലത്ത് പത്തനംതിട്ടയിൽ ഫയർ ഓഫീസറായിരുന്നു.

കൊല്ലം ചവറ വിശി വില്ലയിൽ സി.വി.വിശ്വനാഥിന്റെയും വത്സല ദേവിയുടെയും മകനാണ്. ഭാര്യ: ആര്യാ ചന്ദ്രൻ. മകൻ: ഇഷാൻ വിശി.