മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു
Friday 15 August 2025 12:06 AM IST
പത്തനംതിട്ട : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി. ഇന്നലെ വൈകിട്ട് നാലിനാണ് ഡാമിന്റെ ഷട്ടർ ഉയർത്തിയത്.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദിയിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം.