വക്കീൽ കുപ്പായം മോഹിച്ചു, അണിഞ്ഞത് കാക്കി
കൊല്ലം: ആഗ്രഹിച്ചത് വക്കീലാകാനാണെങ്കിലും അണിഞ്ഞത് പൊലീസ് യൂണിഫോം. ഒടുവിൽ മികച്ച സേവനത്തിന് എസ്.പ്രിയയ്ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും. കൊട്ടാരക്കര ചക്കുവരയ്ക്കൽ കൊച്ചുവടക്കേതിൽ വി.സോമരാജന്റെയും പ്രസന്നയുടെയും മകളാണ് എസ്.പ്രിയ (49). സ്കൂൾ പഠന സമയത്തുതന്നെ വക്കീൽ കുപ്പായത്തോട് വല്ലാത്ത കമ്പം തോന്നി. ബിരുദ പഠനത്തിന് ശേഷം എൽ.എൽ.ബിക്ക് ചേർന്നു. ഇടയ്ക്ക് നിറുത്തേണ്ടി വന്നു. പിന്നീട് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ കൂട്ടുകാരിയാണ് പൊലീസിലേക്ക് അപേക്ഷ അയപ്പിച്ചത്. ടെസ്റ്റ് പാസായി, 2001ൽ പൊലീസ് സേനയുടെ ഭാഗമായി. ട്രെയിനിംഗ് കഴിഞ്ഞ് പുനലൂർ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു. ഇപ്പോൾ റൂറൽ ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് അംഗീകാരം ലഭിച്ചത്. കുറ്റാന്വേഷണ മികവടക്കം പതിനെട്ട് കേസുകളുടെ പട്ടികയാണ് പരിഗണനയ്ക്ക് അയച്ചിരുന്നത്. അനാവശ്യ അവധിയെടുക്കാതെയുള്ള ജോലിയിലെ കൃത്യതയും ഗുണകരമായി. ഡി.ജി.പിയുടെ റിവാർഡുകളടക്കം അംഗീകാരങ്ങൾ മുമ്പും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡിഷണൽ ലേബർ കമ്മിഷണർ ഓഫീസിലെ ഉദ്യോഗസ്ഥനായ കൊല്ലം മുണ്ടയ്ക്കൽ പുതുമംഗലത്ത് വീട്ടിൽ രഞ്ജിത്ത്.പി മനോഹരന്റെ ഭാര്യയാണ്. മകൻ അഭിജിത്ത് പ്ളസ് ടു വിദ്യാർത്ഥിയാണ്.