ബി.എൽ.ഒ ഡ്യൂട്ടി: തലയൂരാൻ വിയർത്ത് കൂട്ട നിവേദനം

Friday 15 August 2025 12:45 AM IST

കൊല്ലം: തിരഞ്ഞെടുപ്പ് ബി.എൽ.ഒ ഡ്യൂട്ടിയിൽ നിന്ന് തലയൂരാൻ കൂട്ടത്തോടെ നിവേദനം നൽകി സർക്കാർ ജീവനക്കാർ. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് സമാധാനം പറയേണ്ടിവരുമെന്ന ഭയവും വീടുവീടാന്തരം കയറിയിറങ്ങേണ്ടിവരുന്നതുമാണ് ജീവനക്കാർ തലയൂരാൻ ശ്രമിക്കുന്നതിന്റെ കാരണം.

ജില്ലയിൽ 1957 ബി.എൽ.ഒമാരാണ് ആകെയുള്ളത്. ഇതിൽ ആശവർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയും ഒഴിവാക്കി 1260 സർക്കാർ ജീവനക്കാരെയാണ് പുതുതായി നിയോഗിച്ചത്. ഓഫീസ് ജോലി കഴിഞ്ഞുള്ള സമയത്തും അവധി ദിവസങ്ങളിലുമാണ് ബി.എൽ.ഒയുടെ ജോലി ചെയ്യേണ്ടത്. ഇതിന് അധിക അലവൻസ് ലഭിക്കും. അതാത് ബൂത്തുകളുടെ പരിധിയിൽ താമസിക്കുന്നവരെയാണ് ബി.എൽ.ഒമാരായി നിയമിച്ചതെങ്കിലും പലരും മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരാണ്. ഇവർ ഡ്യൂട്ടി ഓഫ് എടുത്ത് വേണം ബൂത്തുകളിൽ ബി.എൽ.ഒയുടെ ജോലി ചെയ്യാൻ. ഡ്യൂട്ടി ഓഫ് കൃത്യമായി ലഭിച്ചില്ലെങ്കിൽ ശമ്പളം നഷ്ടപ്പെടുമെന്ന ഭീതിയും ജീവനക്കാർക്കുണ്ട്.

ഓരോ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർക്കാണ് ജീവനക്കാർ ഒഴിവാക്കാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ഭൂരിഭാഗം പേരും ആരോഗ്യ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പക വീട്ടുമെന്ന ഭയവും ജീവനക്കാർക്കുണ്ട്.

ക്രമക്കേടുകൾക്ക് സമാധാനം പറയണം

 വോട്ട‌ർപട്ടിക വിവാദം നിലനിൽക്കുന്നു

 സമാധാനം പറേണ്ടിവരുമെന്ന് ഭയം

 സർവീസിനെ ബാധിക്കുമോയെന്നും ആശങ്ക

 ബി.എൽ.ഒ ഡ്യൂട്ടി അതാത് ബൂത്തുകളിൽ

 മിക്ക ജീവനക്കാരുടെയും ജോലി അന്യസ്ഥലങ്ങളിൽ

 ബൂത്തിലെ എല്ലാ ജനങ്ങളുമായും കാര്യമായി പരിചയമില്ല

ജില്ലയിലെ ബി.എൽ.ഒമാർ

1957

പുതുതായി നിയോഗിച്ചത്

1260

അലവൻസ്

₹ 12000

ചുമതലകൾ

 വോട്ടർപട്ടിക പരിശോധന  പുതിയ വോട്ടർമാരെ ചേർക്കൽ  പുതിയ അപേക്ഷകൾ പരിശോധിക്കൽ  മരിച്ചവരെ നീക്കം ചെയ്യൽ  തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം

പ്രദേശത്ത് കൂടുതൽ ബന്ധമുള്ള ആശ പ്രവർത്തകർക്കാകും ബി.എൽ.ഒയുടെ ജോലി കൂടുതൽ കൃത്യതയോടെ ചെയ്യാനാവുക.

സർക്കാർ ജീവനക്കാരി