സ്ത്രീകളുടെ തിരോധാനം : ബിന്ദുവിനെ സെബാസ്റ്റ്യന്റെ വീട്ടിൽ കൊലപ്പെടുത്തിയെന്ന് വെളി​പ്പെടുത്തൽ

Friday 15 August 2025 3:39 AM IST

ചേർത്തല : കടക്കരപ്പള്ളി​യി​ൽ നി​ന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ ബി​ന്ദു പത്മനാഭനെ, ജെയ്നമ്മ തി​രോധാനക്കേസി​ൽ റി​മാൻഡി​ലുള്ള പ്രതി​ ചേർത്തല പള്ളി​പ്പുറം സ്വദേശി​ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ.

സെബാസ്റ്റ്യന്റെ സുഹൃത്തും ഭൂമി​ ഇടനി​ലക്കാരനുമായ ​ കടക്കരപ്പള്ളി​ സ്വദേശി​യും ​ ചേർന്ന് മയക്കുമരുന്ന് നൽകി​ സെബാസ്റ്റ്യന്റെ വീട്ടി​ലെകുളി​മുറി​യി​ൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കടക്കരപ്പള്ളി​ സ്വദേശി​നി​യായ ശശി​കല എന്ന വീട്ടമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

മറ്റൊരു ഭൂമി​ ഇടനി​ലക്കാരൻ തന്നോട് ഇതേപ്പറ്റി​ പറഞ്ഞുവെന്നാണ് ശശികല അവകാശപ്പെടുന്നത്.

നാലുവർഷം മുമ്പ് ശശി​കലയുടെ വീട് വി​ല്പനയുമായി​ ബന്ധപ്പെട്ടുള്ള ഇടപാടുകളുടെ ഫോൺ ​സംസാരത്തി​നി​ടെയാണ് ഇക്കാര്യം പറഞ്ഞത്. ബി​ന്ദു കൊല്ലപ്പെട്ടതായി​ അതി​ന് മുമ്പ് നേരി​ട്ടും തന്നോട് പറഞ്ഞി​രുന്നതായി​ ശശി​കല വെളി​പ്പെടുത്തി​. ഫോണിലൂടെ നടത്തിയ സംഭാഷണം നേരത്തെ തന്നെ അന്വേഷണ സംഘത്തിനു കൈമാറിയതായും വീട്ടമ്മ പറഞ്ഞു. ബിന്ദുവിന്റെ തിരോധാനം വലിയ വാർത്തയായപ്പോഴാണ് സൗഹൃദ സംഭാഷണത്തിൽ ബിന്ദു ജീവിച്ചിരിപ്പി​ല്ലെന്നും കൊന്നു കളഞ്ഞതായും സെബാസ്റ്റ്യന്റെ സുഹൃത്തായ ഇടനി​ലക്കാരൻ പറഞ്ഞത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഇപ്പോൾ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. വസ്തു ഇടനിലക്കാർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പുറത്തുവന്ന കാര്യങ്ങളാണ് നിർണായകമായത്. ഇപ്പോൾ ആരോപണവി​ധേയനായ ഇടനി​ലക്കാരനും ബിന്ദു പത്മനാഭനുമായി ബന്ധമുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവന്നി​ട്ടുണ്ട്.

ഏറ്റുമാനൂർ സ്വദേശി​നി​ ജെയ്നമ്മയെ കാണാതായ കേസി​ലാണ് മൊബൈൽ ടവർ ലൊക്കേഷൻ പി​ന്തുടർന്നുള്ള അന്വേഷണത്തി​ൽ സെബാസ്റ്റ്യൻ കുടുങ്ങി​യത്. ഇയാളുടെ വീട്ടി​ൽ നി​ന്ന് കണ്ടെത്തി​യ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറൻസി​ക് പരി​ശോധനയി​ൽ തെളി​ഞ്ഞി​രുന്നു.