ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്.പ്രദീപ് കുമാർ അന്തരിച്ചു
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്.പ്രദീപ് കുമാർ (59) അന്തരിച്ചു. ക്യാൻസർ ബാധിതനായി ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. വഴുതക്കാട് ലെനിൻ നഗറിലുള്ള ഒ.വി.ആർ.എ സി-86ൽ ഇന്നു രാവിലെ 9 മുതൽ പൊതുദർശനം. വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം.
കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ആയ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനാണ്. ദൂരദർശനു വേണ്ടി അനേകം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു. ലെനിൻ രജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'വേനൽ പെയ്ത ചാറ്റു മഴ" മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 'മൂന്നാം വളവ്" മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ' പ്ളാവ്" എന്ന ഡോക്യുമെന്ററി സയൻസ് ആൻഡ് എൻവയൺമെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം നേടി. ഡോ. എ.പി.ജെ.അബ്ദുൾ കലാമിനെ കുറിച്ചുള്ള വിംഗ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്റിക്ക് തുടങ്ങി നൂറിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ഡൽഹി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായ അഭിഷേക് മകനാണ്.