ചേമഞ്ചേരിയിൽ നിർമ്മിക്കുന്ന തോരായിക്കടവ് പാലം തകർന്നു
കോഴിക്കോട്/കൊയിലാണ്ടി: ചേമഞ്ചേരിയിൽ അകലാപ്പുഴയ്ക്ക് കുറുകെ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. സമീപത്ത് നിരവധി തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഒരാൾക്ക് ചെറിയ പരിക്കേറ്റതൊഴിച്ചാൽ വലിയ അപകടമുണ്ടായില്ല. കൊയിലാണ്ടി-ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ നിർമിക്കുന്ന പാലമാണിത്. പുഴയുടെ മദ്ധ്യത്തിലാണ് ബീം തകർന്നുവീണത്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രൊജക്ട് ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. അപകടകാരണം വിദഗ്ദ്ധസമിതി അന്വേഷിക്കുമെന്നും റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നിർമാണത്തിലെ അപാകതയാണ് കാരണമായി പറയുന്നത്. 23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെയാണ് നിർമ്മാണം. മഞ്ചേരി ആസ്ഥാനമായുള്ള പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു യൂണിറ്റിനാണ് മേൽനോട്ടം. 2023 ജൂലായിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
265 മീറ്റർ നീളം11 മീറ്റർ വീതിയുമുളള പാലമാണ്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ നടുവിലായി ബോട്ടുകൾക്ക് പോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിംഗ് ആർച്ച് രൂപത്തിലാണ് രൂപകൽപന. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ പാലം. അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നു നേരിട്ട് പൂക്കാട് എത്താം. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പം എത്താം. കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എത്തിച്ചേരാം. ഡിസംബർ 31ന് പൂർത്തിയാക്കി തുറന്നുകൊടുക്കാമെന്നാണ് കരാർ.