മദ്യ ലഹരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
നേമം: ഹരിതകർമ്മ സേനാംഗമായ യുവതിയെ മദ്യലഹരിയിലെത്തിയ ഭർത്താവ് വെട്ടിക്കൊന്നു. കല്ലിയൂർ പള്ളിയറ ഭഗവതിക്ഷേത്രത്തിനു സമീപം ബിൻസിയാണ് (32) മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഭർത്താവ് സുനിൽ (42) ഇന്നലെ രാവിലെ നേമം പൊലീസിൽ കീഴടങ്ങി.
മദ്യപിച്ചെത്തിയ സുനിൽ, ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബിൻസിയുമായി വഴക്കിടുകയും തുടർന്ന് വെട്ടുകത്തികൊണ്ട് കഴുത്തിന് വെട്ടുകയുമായിരുന്നു. സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴുത്തിനേറ്റ ആഴത്തിലുള്ള രണ്ടു വെട്ടാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ബിൻസിയെ കൊലപ്പെടുത്തിയശേഷം മുറിയിലെ തറയിൽ പുതച്ചുകിടത്തി. സുനിൽ അടുത്ത മുറിയിൽ കിടന്നുറങ്ങി. ഇന്നലെ രാവിലെയാണ് കൊലപാതകം പുറത്തറിഞ്ഞത്. എട്ടും ആറും വയസുള്ള ഇവരുടെ മക്കൾ കൊലപാതക സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ഉണർന്ന് അമ്മയെ തിരക്കിയപ്പോൾ സുഖമില്ലാതെ കിടക്കുകയാണെന്നാണ് ധരിപ്പിച്ചത്. പുറത്തുനിന്ന് ആഹാരം വാങ്ങി നൽകി കുട്ടികളെ സ്കൂളിലാക്കുകയും ചെയ്തു.
അടുത്ത വീട്ടിലുള്ള ആൺകുട്ടി പഞ്ചസാര വാങ്ങുന്നതിനായി അവിടെ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മുറിയിൽ രക്തം കണ്ടതാണ് കുട്ടിക്ക് സംശയമുണ്ടാകാൻ കാരണം. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. അതിനിടെ പുറത്തുപോയ സുനിൽ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ബിൻസിയെ നാട്ടുകാർ ശാന്തിവിള ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിതന്നെ മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു.
വെള്ളനാട് സ്വദേശിയായ ബിൻസി വിവാഹശേഷം ഭർത്താവിന്റെ കല്ലിയൂരിലുള്ള വീട്ടിലാണ് താമസം. മക്കളായ സംനാജ്, സനൂപ് എന്നിവർ പുന്നമൂട് ഗവൺമെന്റ് സ്കൂളിലെ 2, 4 ക്ലാസുകളിലെ വിദ്യാർത്ഥികളാണ്. ഇന്നലെ വൈകിട്ടോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.