ബി.ജെ.പിക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ല: കെ.സി.വേണുഗോപാൽ
തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും വോട്ട് കൊള്ളയെക്കുറിച്ച് അന്വേഷിക്കാനും പാർലമെന്റിൽ ചർച്ച ചെയ്യാനും ബി.ജെ.പി സർക്കാർ തയ്യാറാകണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോറ്റതാണ്. ധാർമ്മികമായി അധികാരത്തിൽ തുടരാൻ ബി.ജെ.പിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കൊള്ളയ്ക്കെതിരേ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ഫ്രീഡം നൈറ്റ് മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.
ബിഹാർ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾ ശരി വയ്ക്കുന്നതാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷത്തോളം ആളുകളുടെ പേര്, അവരെ നീക്കം ചെയ്യാനുണ്ടായ കാരണം എന്നിവ വെളിപ്പെടുത്തണമെന്ന കോടതി വിധി സ്വാഗതാർഹമാണ്. ബംഗളൂരു സെൻട്രലിലെ വോട്ടർ പട്ടിക പഠിക്കാനും തെളിവ് നിരത്താനും ആറ് മാസത്തെ കഠിനാദ്ധ്വാനം വേണ്ടി വന്നു. ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കോൺഗ്രസ്സ് വെറുതെ വിടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, കെ.മുരളീധരൻ, എം.എം.ഹസ്സൻ, വി.എസ്.ശിവകുമാർ, എം.വിൻസന്റ് എം.എൽ എ, എം.ലിജു, ജി.സുബോധൻ,ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാർ, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.മോഹൻ കുമാർ, ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, മണക്കാട് സുരേഷ്, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.