ആശങ്കപ്പെടേണ്ട സാഹചര്യമോ? ഇതാണ് കേരളത്തിൽ പലയിടത്തും കണ്ട ചുവന്ന കടൽ പ്രതിഭാസത്തിന് പിന്നിൽ

Friday 15 August 2025 9:00 AM IST

കൊച്ചി: വടക്കൻ, മദ്ധ്യകേരള തീരങ്ങളിൽ അടുത്തിടെ കാണപ്പെട്ട ചുവപ്പ് കടൽ പ്രതിഭാസത്തിന് കാരണം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന മൈക്രോ ആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കണ്ടെത്തി. നിലവിൽ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവേഷകർ.

പഠനവും നിരീക്ഷണങ്ങളും കാലാവസ്ഥാ വ്യതിയാനവും ആൽഗൽ ബ്ലൂമുകളും തമ്മിലുള്ള ബന്ധം പഠിക്കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ ബീച്ചുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം സ്ഥിരീകരിച്ചത്. ആൽഗൽ ബ്ലൂം ക്രമേണ തെക്കൻ കേരള തീരത്തേക്കും വ്യാപിച്ചു. ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് ചുവപ്പ് നിറം കൂടുതൽ വ്യക്തമായി കാണുന്നത്. പ്രതിഭാസം രാത്രിയിൽ കടൽത്തീരത്ത് അതിശയിപ്പിക്കുന്ന നീല, പച്ച ബയോലുമിനിസെൻസും (കവര്) ഉണ്ടാക്കുന്നു.

രണ്ട് രൂപങ്ങൾ

പച്ച വകഭേദം: 'ഗ്രീൻ ടൈഡുകൾക്ക്' കാരണമാകുന്നു. ചുവന്ന ഹെറ്ററോട്രോഫിക് വകഭേദം: ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന ഈ വകഭേദമാണ് 'റെഡ് ടൈഡുകൾ' ഉണ്ടാക്കുന്നത്. കേരളത്തിലെ തീരപ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ സാധാരണയായി ഈ രണ്ട് വകഭേദങ്ങളും കാണപ്പെടാറുണ്ട്.